
കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് (ഐ.സി.യു) സമീപം തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല.
ഐ.സി.യുവിന് സമീപത്തെ ഇലക്ട്രിക് ബോർഡിൽ നിന്ന് തീപ്പൊരി പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടങ്ങി. തുടർന്ന് തിരൂരിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
ആശുപത്രിയിൽ മുമ്പും സമാനമായ രീതിയിൽ ചെറിയ തോതിലുള്ള തീപിടുത്തങ്ങൾ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പഴയ ഇലക്ട്രിക് വയറിംഗും മറ്റ് സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.