
പെരിങ്ങോട്: പീഡന കേസിൽ ആരോപണ വിധേയനായ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിങ്ങോട് സെന്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മുരളി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവദാസ് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത് തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ഗുരുവായൂർ–വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ബസിന് ഫിറ്റ്നസും ഇൻഷുറൻസ് പരിരക്ഷയും ഇല്ലെന്നാരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ ഇത്തരത്തിൽ സർവീസ് നടത്തുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും നേതാക്കൾ ആരോപിച്ചു.
ഇത്തരം ഗിമ്മിക്കുകൾ സ്ഥലം എം.എൽ.എ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും കെ.എസ്.ആർ.ടി.സി അധികാരികളും അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.പി.എം. ഷെരീഫ്, കെ.ബി. സുധീർ, അസീസ് ആമക്കാവ്, നൗഫൽ കോതച്ചിറ എന്നിവരുള്‍പ്പെടെ വി.എ. ശ്രീനിവാസൻ, കെ.വി. നൗഷാദ്, ബാബു നമ്പീശൻ, എം. ബാലൻ, കെ. ചന്ദ്രൻ, കെ. മോഹൻദാസ്, സുജേഷ് ബേബി, ഷാജി മതുപ്പുള്ളി, എം.കെ. റസാക്ക്, ഫിറോസ്, മോഹനൻ, സി.പി. വേലായുധൻ, മണി, അബ്ദുറഹ്മാൻ, പി.വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.