
എഴുമങ്ങാട് കറുകപുത്തൂർ റോഡ് നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. അഞ്ച് വർഷം കൊണ്ട് തൃത്താല മണ്ഡലത്തിൽ എല്ലാ മേഖലയേയും സ്പർശിക്കുന്ന വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത് . മണ്ഡലത്തിൽ 29 പി ഡബ്ലിയുഡി റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. അതിൽ 15 എണ്ണം പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
മന്ത്രി എം ബി രാജേഷിൻ്റെ ശ്രമഫലമായി സംസ്ഥാന സർക്കാരിൻ്റെ 2025-26 ബജറ്റിൽ നിന്നും അനുവദിച്ച 7.50 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. തൃത്താല നിയോജക മണ്ഡലത്തിൽ 6.08 കി മീ ദൂരം വരുന്ന ഈ റോഡ് തൃത്താല, പട്ടാമ്പി ഭാഗത്തുള്ളവർക്ക് പെരുമ്പിലാവ് -നിലമ്പൂർ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തുന്നതിന് സഹായകമാണ്. 6.08 കി മീ ദൂരം വരുന്ന റോഡ് ബലപ്പെടുത്തി 5.5 മീറ്റർ വീതിയിൽ ബി.എം ബി.സി ചെയ്ത് നവീകരിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ്, കൾവർട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിൽ പി ഡബ്ലിയു ഡി എ ഇ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വിബിലേഷ് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ കെ ഷർമിള , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രവി പ്രകാശ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ജി രാജഗോപാലൻ,പി മണികണ്ഠൻ, ഷിജില രതീഷ്, വാർഡ് മെമ്പർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.