
പാലക്കാട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫോസ്‌കോസ് (FOSCOS) സ്പെഷ്യല്‍ സ്‌ക്വാഡ് 350 ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. 35 സ്ഥാപനങ്ങള്‍ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. കൂടാതെ രജിസ്ട്രേഷന്‍ വിഭാഗത്തില്‍ നിന്നു ലൈസന്‍സ് വിഭാഗത്തിലേക്ക് മാറേണ്ട സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 25 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിലേക്ക് മാറുന്നതിനായി തിരുത്തല്‍ നോട്ടീസും (Rectification Notice) നല്‍കി.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ സാധുവായ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷനോടുകൂടിയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുന്നതിനായായിരുന്നു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.
നിയമലംഘനം കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്ക് പിഴ നല്‍കുകയും 11 കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷ്യ നിര്‍മ്മാണ, സംഭരണ, വിതരണ സ്ഥാപനങ്ങള്‍, വില്പന കേന്ദ്രങ്ങള്‍, പേയിങ്ങ് ഗസ്റ്റ്/ ഹോസ്റ്റല്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍, വീടുകളിലെ നിര്‍മ്മാണ സംരംഭങ്ങള്‍, പച്ചക്കറി, മത്സ്യ വില്‍പ്പന നടത്തുന്ന മൊബൈല്‍ വ്യാപാരികള്‍, വഴിയോര കച്ചവടക്കാര്‍, ഭക്ഷ്യ-സ്റ്റാളുകള്‍ എന്നിവ കര്‍ശ്ശനമായും എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി വരും മാസങ്ങളിലും പ്രത്യേക സ്‌ക്വാഡ് പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യവ്യാപാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും പാലക്കാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.