പശ്ചിമേഷ്യൻ രാജ്യങ്ങൾ യുദ്ധ സാഹചര്യത്തിലായതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് എട്ടും, നെടുമ്പാശ്ശേരിയിൽ നിന്ന് പതിനാലും തിരുവനന്തപുരത്ത് നിന്ന് അഞ്ചും വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതോടെ വിമാന താവളത്തിൽ നിരവധി യാത്രക്കാർ കുടുങ്ങിയിരിക്കുകയാണ്.
യു.എ.ഇ വ്യോമ പാത അടച്ചിട്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതിനു പുറമെ പുറപ്പെട്ട പല വിമാനങ്ങളും തിരിച്ചുവിളിച്ചു. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വിമാനങ്ങൾ റദ്ദാക്കിയതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി എത്തിയ നിരവധി പേർ കരിപ്പൂര്‍ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്ന് കരിപ്പൂരിൽ നിന്നും ഗൾഫ് മേഖലയിലേക്ക് സർവീസ് ഇല്ല. ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ സർവീസും റദ്ദാക്കി. ഇതോടെയാണ് ബിസിനസ് ചെയ്യുന്നവരും ജോലി നോക്കുന്നവരും വിദ്യാർത്ഥികളും തീർത്ഥാടകരും അടക്കമുള്ള യാത്രക്കാർ കുടുങ്ങിയത്. വിസാ കാലാവധിയും അവധിയും തീരുന്നതാണ് പലരുടെയും ആശങ്ക. അതോടൊപ്പം പ്രവാസി കുടുംബങ്ങളും ആശങ്കയിലാണ്.