ആധുനിക ആശയങ്ങളിലൂന്നിയ ആയിരം സംസ്കൃത ശ്ലോകങ്ങൾ: ‘ബാലസുഭാഷിത സാഹസ്രി’ മാതൃവിദ്യാലയത്തിന് സമർപ്പിച്ചു


പെരിങ്ങോട്: ആധുനിക വിഷയങ്ങളും സമകാലീന ചരിത്രവും സാമൂഹിക സംഭവങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ആയിരം സംസ്കൃത സുഭാഷിതങ്ങൾ അടങ്ങിയ അപൂർവ്വ ഗ്രന്ഥം ‘ബാലസുഭാഷിത സാഹസ്രി’ സംസ്കൃത പണ്ഡിതൻ ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ തന്റെ മാതൃവിദ്യാലയത്തിന് സമർപ്പിച്ചു. സംസ്കൃത ഭാഷയിൽ ബാലപാഠം അഭ്യസിച്ച പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രന്ഥ സമർപ്പണവും ആസ്വാദനവും നടന്നു.

തൃശ്ശൂർ ഗവ. ഐ.എ.എസ്.ഇയിൽ നിന്ന് സംസ്കൃത മേധാവിയായി വിരമിച്ച ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, സംസ്കൃതത്തിൽ ഹരിശ്രീ കുറിച്ചു നൽകിയ മുൻ അധ്യാപിക സാവിത്രി ടീച്ചർക്കും നിലവിൽ സംസ്കൃതം പഠിക്കുന്ന വിദ്യാർഥികൾക്കും ഗ്രന്ഥം സമർപ്പിച്ച് ഭാഷയോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. സർവീസിലിരിക്കെ ഭാഷാ പ്രചാരണത്തിനായി നിരവധി ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും നടത്തിയ ഇദ്ദേഹം, ഏഴ് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഈ ആധുനിക സുഭാഷിത സമാഹാരം തയ്യാറാക്കിയതെന്ന് അറിയിച്ചു.

ഗ്രന്ഥത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ സംസ്കൃത പണ്ഡിതനും മുൻ ഡയറ്റ് ലക്ചറുമായ വി. വിജയൻ, ‘ബാലസുഭാഷിത സാഹസ്രി’ സംസ്കൃത ഭാഷയ്ക്കുള്ള വലിയ മുതൽക്കൂട്ടാണെന്ന് അഭിപ്രായപ്പെട്ടു. പെരിങ്ങോട് ഹൈസ്കൂൾ പ്രധാനാധ്യാപിക വി. ശ്രീകല അധ്യക്ഷത വഹിച്ചു. സ്കൂളിന് അപൂർവ്വമായി ലഭിച്ച വിലപ്പെട്ട സംഭാവനയാണിത് എന്നും അവർ പറഞ്ഞു.

സ്കൂൾ മാനേജർ പൂമുള്ളി മന വാസുദേവൻ നമ്പൂതിരിപ്പാട്, സംസ്കൃത പണ്ഡിതൻ പാഴൂർ ദാമോദരൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജിത, പി.ടി.എ. പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, ഗ്രന്ഥശാലാ പ്രവർത്തകൻ ഡോ. കെ. ജയരാജ്, മുൻ അധ്യാപകൻ എൻ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. എം. മണികണ്ഠൻ, ഇ. അബൂബക്കർ, കെ.വി. നിർമ്മല, ടി.എം. ബാലചന്ദ്രൻ, ജനാർദ്ദന വാരിയർ, കെ. ചന്ദ്രൻ, ടി. വിദ്യാധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം