
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തൃത്താലയിൽ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിച്ചും തൃത്താല മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിച്ചും തിരക്കിലാണ് തൃത്താല എംഎൽഎയും മന്ത്രിയുമായ എം.ബി രാജേഷ്. അതേസമയം 'We Team' നാമധേയത്തിൽ തൃത്താലയിൽ മോർണിംഗ് വാക്കുമായി വി.ടി ബൽറാം മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് കളം നിറയുകയാണ്.
മന്ത്രി എം.ബി രാജേഷ് തൃത്താല മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ച് ചിലർ നടക്കുകയാണ് എന്നാൽ എം ബി രാജേഷ് വികസനങ്ങൾ നാട്ടിൽ നടത്തുകയാണ് എന്ന് സൂചിപ്പിച്ച് 'ചെലോര് നടക്കും ചെലോര് നടത്തും' എന്ന പോസ്റ്ററുമായി സിപിഎം നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. ദിനേനെ ജനകീയ പങ്കാളിത്തം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വി.ടി ബൽറാമിന്റെ മോണിംഗ് വാക്കിൽ കെപിസിസി വക്താവും തൃത്താലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ സി വി ബാലചന്ദ്രൻ കൂടി പങ്കാളിയായതോടെ തൃത്താല കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിനും ഒത്തുതീർപ്പായതോടെ കൂടുതൽ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.
നിലവിൽ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും മന്ത്രി എം പി രാജേഷും വി.ടി ബൽറാമും തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തൽ. വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ വികസന സന്ദേശ യാത്രക്ക് ഫെബ്രുവരി ആറിന് തുടക്കം കുറിക്കുകയാണ്. അതേസമയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിലെ ആത്മവിശ്വാസവുമായി യുഡിഎഫ് കളത്തിൽ ശക്തരാവുകയാണ്.