കുമ്പിടി: ആനക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വരണാധികാരി പക്ഷപാതപരമായ സമീപനം സ്വീകരിച്ചെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ വോട്ടിംഗ് ബഹിഷ്‌കരിച്ചു.
സ്ഥിരം സമിതി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിംഗ് പൂർത്തിയായപ്പോൾ ധനകാര്യ സ്ഥിരം സമിതിയിൽ രണ്ട് അംഗങ്ങളുടെയും ക്ഷേമകാര്യ സ്ഥിരം സമിതിയിൽ ഒരു അംഗത്തിന്റെയും ഒഴിവുകൾ ഉണ്ടായി. ഈ ഒഴിവുകൾ നികത്തുന്നതിനായി ഒൻപതിന് വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ ചട്ടവിരുദ്ധമായി നാമനിർദേശങ്ങൾ സ്വീകരിച്ചതിനെതിരെ യുഡിഎഫ് ശക്തമായി പ്രതിഷേധിച്ചു. കലക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, വരണാധികാരി എന്നിവർക്കു പരാതി നൽകിയതിനെ തുടർന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പ് വീണ്ടും നടത്തിയപ്പോഴും പഞ്ചായത്ത് രാജ് ചട്ടം ഏഴ് പ്രകാരമുള്ള നടപടിക്രമങ്ങൾ ലംഘിച്ചാണ് നാമനിർദേശങ്ങൾ സ്വീകരിച്ചതെന്നും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് വരണാധികാരി സ്വീകരിച്ചതെന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു.
പഞ്ചായത്ത് രാജ് ചട്ടം ഏഴ് പ്രകാരം, ഏതെങ്കിലും സ്ഥിരം സമിതിയിൽ അംഗസംഖ്യ പൂർത്തിയാകാത്ത പക്ഷം ആദ്യം ധനകാര്യ സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ മറ്റ് സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ പാടുള്ളൂവെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. ഈ ചട്ടലംഘനം, മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ അനുമതിയോടെയാണെന്ന വിശദീകരണമാണ് വരണാധികാരി സന്തോഷ് യോഗത്തിൽ നൽകിയത്. വരണാധികാരിയുടെ രാഷ്ട്രീയ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികയുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ വോട്ടിംഗ് ബഹിഷ്‌കരിക്കുകയും വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തു.
സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ആനക്കര ഗ്രാമപഞ്ചായത്ത് വരണാധികാരി സിപിഎം ഏരിയ സെക്രട്ടറിയെ പോലെ പെരുമാറിയതായി യുഡിഎഫ് ചെയർമാൻ കെ. സലീവും കൺവീനർ അഡ്വ. ബഷീറും ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിച്ച ഈ നടപടിക്കെതിരെ നിയമത്തിന്റെ വഴിയിൽ ഏതറ്റം വരെയും പോകുമെന്ന് ഇരുവരും വ്യക്തമാക്കി.
