ചാലിശ്ശേരി: ഗ്രാമീണ ഉൽപന്നങ്ങളുടെയും തനത് സംസ്‌കാരത്തിന്റെയും മഹാസംഗമമായ ദേശീയ സരസ് മേളയിലേക്ക് ആവേശത്തോടെ സംരംഭകർ എത്തി കഴിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ തങ്ങളുടെ തനത് ഉൽപന്നങ്ങളുമായി കിലോമീറ്ററുകൾ താണ്ടിയാണ് ചാലിശ്ശേരിയിൽ എത്തിയിരിക്കുന്നത്. ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ അണിനിരക്കുന്ന മേള സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആവേശം പകരുകയാണ്.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചാലിശ്ശേരി നൂറ്റാണ്ടുകളുടെ വാണിജ്യ-സാംസ്‌കാരിക ചരിത്രമുള്ള മണ്ണാണ്. തൃശൂർ, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശം പണ്ട് മലബാറിന്റെയും കൊച്ചിയുടെയും ഇടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. ഈ ചരിത്രപരമായ പ്രാധാന്യത്തെ ആധുനിക കാലത്തെ സംരംഭകത്വവുമായി ബന്ധിപ്പിക്കുകയാണ് ദേശീയ സരസ് മേള. സരസ് മേള കേവലം ഒരു പ്രദർശനമല്ല, മറിച്ച് രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ കരുത്ത് വിളിച്ചോതുന്ന വേദി കൂടിയാണ്.
ചാലിശ്ശേരിയിലെ മുലയംപറമ്പ് മൈതാനത്താണ് മേളയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും 250-ഓളം വൈവിധ്യമാർന്ന വിപണന സ്റ്റാളുകളാണ് മേളയിലുള്ളത് . ഗ്രാമീണ ഉൽപന്നങ്ങൾക്ക് പുറമെ പുതിയ കാലത്തെ സംരംഭക ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന ഇടങ്ങളും മേളയിലുണ്ട്.കരകൗശല വസ്തുക്കൾ, തനത് കൈത്തറി വസ്ത്രങ്ങൾ, പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾ, വിവിധയിനം ഭക്ഷ്യോൽപന്നങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.വിവിധ സംസ്ഥാനങ്ങളുടെ തനത് ശൈലിയിലുള്ള കൈത്തറി വസ്ത്രങ്ങൾ, എംബ്രോയ്ഡറി വർക്കുകൾ ചെയ്ത തുണിത്തരങ്ങൾ എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.സംരംഭകർക്ക് തങ്ങളുടെ ബ്രാൻഡ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന തരത്തിൽ വലിയ ജനത്തിരക്കാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
പ്രദേശത്തെ സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളിൽ വലിയ ഉണർവ് നൽകാൻ മേളയിലൂടെ സാധിക്കും. പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രദർശന വിപണന മേളയിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിൽ എത്തിക്കാനുള്ള സുവർണ്ണാവസരമാണിത്. ചാലിശ്ശേരിയുടെ മണ്ണിൽ നടക്കുന്ന ഈ ജനകീയ മേള നാടിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുമെന്ന് ഉറപ്പാണ്.


