കുമരനല്ലൂർ: ലോകപ്രശസ്തമായ 100 പെയിന്റിംഗുകൾ വെറും 2 മിനിറ്റ് 5 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞതിലൂടെ കുമരനല്ലൂർ താഴെപ്പാടം സ്വദേശിയായ ഏഴ് വയസ്സുകാരൻ ആദം അലി വേൾഡ് വൈഡ് ബുക്സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കി. അലിമോൻ–സഫില ദമ്പതികളുടെ മകനാണ് ആദം അലി. ഇതോടെ ആദം അലിയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ ലോക റെക്കോർഡാണിത്.
ഇതിന് മുമ്പ് 195 രാജ്യങ്ങളെ 2 മിനിറ്റ് 9 സെക്കൻഡിൽ തിരിച്ചറിഞ്ഞതിന് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്, 202 രാജ്യങ്ങളെ 2 മിനിറ്റ് 10 സെക്കൻഡിൽ തിരിച്ചറിഞ്ഞതിന് കലാം വേൾഡ് റെക്കോർഡ്, 100 ലോകപ്രശസ്ത സ്മാരകങ്ങളെ 2 മിനിറ്റ് 4 സെക്കൻഡിൽ തിരിച്ചറിഞ്ഞതിന് ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡ്, 153 പാമ്പുകളെ 2 മിനിറ്റ് 49 സെക്കൻഡിൽ തിരിച്ചറിഞ്ഞതിന് അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവയും ആദം അലി നേടിയിട്ടുണ്ട്.
മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദം അലിയുടെയും കുടുംബത്തിന്റെയും ഈ നേട്ടം പ്രദേശത്ത് വലിയ അഭിനന്ദനം നേടുകയാണ്.
