ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും


പുനലൂർ മണിയാറിൽ വാടകയ്ക്കു താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജു (36) വാണ് കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്‌ഠനെ (42)യാണ് കൊല്ലം ജില്ലാ സെഷൻസ് നാലാം നമ്പർ കോടതി ജഡ്‌ജ് ശിക്ഷിച്ചത്. മഞ്ജുവിൻ്റെ മക്കൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.

2022 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം. മഞ്ജു കുരിയോട്ടുമല ഫാമിലെ താൽക്കാലിക ദിവസ വേതന ജീവനക്കാരിയായിരുന്നു. സഹപ്രവർത്തകരുടെ പേരുപറഞ്ഞ് മണികണ്ഠൻ മഞ്ജുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഭവ ദിവസം രാത്രി എട്ടിന് മണികണ്ഠൻ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് രാത്രി 12ന് മഞ്ജുവിന്റെ ഫോണിൽ നിന്ന് അച്ഛനും കോൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി. തിരിച്ചു വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂന്നാമത് വിളിച്ചപ്പോൾ മണികണ്ഠനാണ് ഫോണെടുത്തത്. മഞ്ജു എവിടെയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്ന് പറഞ്ഞു. 

പിറ്റേന്ന് രാവിലെ അഞ്ചുമുതൽ അമ്മ ഫോൺ വിളിച്ചെങ്കിലും ആരും എടുക്കാത്തതിനെ തുടർന്ന് മഞ്ജുവിൻ്റെ സഹോദരൻ മനോജിനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ മനോജ് വീടിൻ്റെ ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടു. പുനലൂർ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26 സാക്ഷികളെ വിസ്‌തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും പ്രോസിക്യൂഷൻ തെളിവായി സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ
Thrithala News

കോൺടാക്റ്റ് ഫോം