
ചാലിശ്ശേരി: ദേശീയ സരസ് മേളയുടെ ആവേശത്തിലേക്ക് രുചിയുടെ കപ്പലടുപ്പിച്ച് സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള. ഫുഡ്കോർട്ടിലെ 'അമ്മു സ്വാമിനാഥൻ' വേദിയിൽ നടന്ന ഷെഫ് പിള്ളയുടെ മാസ്റ്റർ ഷെഫ് പ്രോഗ്രാം കാണാൻ ജനക്കൂട്ടം ഇരച്ചെത്തി. സോഷ്യൽ മീഡിയയിൽ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ ചർച്ച ചെയ്ത ഷെഫ് പിള്ളയുടെ സിഗ്നേച്ചർ വിഭവം 'ഫിഷ് നിർവാണ' വേദിയിൽ തത്സമയം തയ്യാറാക്കിയതോടെ ചാലിശ്ശേരിയിലെ ഫുഡ് കോർട്ട് രുചിസാന്ദ്രമായി.
വർഷങ്ങളായി മലയാളി കഴിക്കുന്ന മീൻ വിഭവത്തിന് എങ്ങനെ ഇത്രയധികം സ്വീകാര്യത ലഭിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ 5 മിനിറ്റ് നീണ്ട പാചക പ്രദർശനം. വാഴയിലയുടെ മണവും തേങ്ങാപ്പാലിന്റെ മധുരവും പച്ച മാങ്ങയുടെ പുളിയും ചേർന്നപ്പോൾ വേദിയിൽ പിറന്നത് രുചിയുടെ പുതിയൊരു അനുഭവം. ഫിഷ് നിർവാണയുടെ പിന്നിലെ 'രഹസ്യ ചേരുവകൾ' ഒട്ടും മടുപ്പില്ലാതെ ഷെഫ് പിള്ള കാണികൾക്ക് മുന്നിൽ വിവരിച്ചു.
"രുചി എന്നത് നാവിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, അത് മനസ്സിൽ തങ്ങിനിൽക്കുന്ന അനുഭവമായി മാറണം എന്ന് ഷെഫ് പിള്ള പറഞ്ഞു.
വിഭവം തയ്യാറായതോടെ രുചിച്ചു നോക്കാൻ ഷെഫ് പിള്ള കാണികളെ വേദിയിലേക്ക് ക്ഷണിച്ചു. നിമിഷങ്ങൾക്കകം നിരവധി പേരാണ് വേദിയിൽ എത്തിയത്. വേദിക്ക് സമീപം പ്രത്യേകം ഒരുക്കിയ കൗണ്ടറിലൂടെ നൂൽ പൊറോട്ടയും ഫിഷ് നിർവാണയും ജനങ്ങൾക്ക് വിതരണം ചെയ്തു. നൂൽ പൊറോട്ടയുടെ നൂലുകൾക്കിടയിലേക്ക് നിർവാണയുടെ തേങ്ങാപ്പാൽ മസാല അലിഞ്ഞുചേരുമ്പോഴുള്ള രുചി നേരിട്ടറിയാൻ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ദേശീയ സരസ് മേളയുടെ 3 ആം ദിനത്തിൽ നടന്ന പരിപാടി വലിയ ജനപങ്കാളിത്തമുള്ള ഒന്നായി മാറി. ചാലിശ്ശേരിയുടെ മണ്ണിൽ രുചിവിസ്മയം തീർത്ത ഷെഫ് പിള്ളയെ കാണാനും സെൽഫിയെടുക്കാനും നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നത്. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി ഷെഫ് സുരേഷ് പിള്ളയെ ആദരിച്ചു.