വെറും വാക്കുകളിലല്ല, മറിച്ച് ജനങ്ങൾക്കാവശ്യമായ വികസനമാണ് തൃത്താലയുടേതെന്ന് ഈ മിനിയേച്ചർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ 984.90 കോടി രൂപയുടെ വമ്പൻ പദ്ധതികളാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഓരോ കിലോമീറ്ററിലും തൃത്താല എങ്ങനെ മാറുന്നു എന്നതിന്റെ നേർച്ചിത്രമാണിത്.വികസനത്തിന്റെ 'നാലര' വർഷങ്ങൾ കാഴ്ചകാരിൽ വിസ്മയമാകുന്നു.
102 കോടി രൂപ ചെലവിൽ നിർമ്മിച്ച കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് മിനിയേച്ചറിലെ പ്രധാന ആകർഷണമാണ്.ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുന്ന തൃത്താല ഗവ. ഹോസ്പിറ്റൽ, തൃത്താല ഗവ. കോളേജ്, കല്ലടത്തൂർ ഗോഖലേ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവയുടെ തനിമയാർന്ന രൂപങ്ങൾ ഇവിടെ കാണാം.പരുതൂർ, കരിയന്നൂർ എൽ.പി സ്കൂളുകൾ, സ്മാർട്ടായ പരുതൂർ വില്ലേജ് ഓഫീസ്, നാടപറമ്പ് അംഗൻവാടി എന്നിവ വികസനത്തിന്റെ താഴെത്തട്ടിലുള്ള സാന്നിധ്യം വിളിച്ചോതുന്നു. ഒരു കോടി രൂപയ്ക്ക് നവീകരിച്ച മാങ്ങാട്ട് കുളവും രണ്ടു കോടിയുടെ പാപ്പിക്കുളവും പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ മാതൃകകളാണ്.
റോഡ് ശൃംഖലയിലും കായിക രംഗത്തും മണ്ഡലം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നു. 270 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 25 പി.ഡബ്ല്യു.ഡി റോഡുകൾ മണ്ഡലത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിച്ചു. 1.62 കോടിയുടെ സ്പോർട്സ് ഹബ്ബ്, ഐ.ടി.ഐ, നഴ്സിംഗ് കോളേജ് എന്നിവയ്‌ക്കൊപ്പം എല്ലാ പഞ്ചായത്തുകളിലും ഓപ്പൺ ജിമ്മുകളും സജ്ജമായിക്കഴിഞ്ഞു. ആറ് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന മുടവന്നൂർ ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.
തവന്നൂർ കേളപ്പൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിച്ച ഡ്രോയിങ് അധ്യാപകൻ ഗോപു പട്ടിത്തറയാണ് ഈ ബൃഹത്തായ മിനിയേച്ചറിന്റെ ശില്പി. അദ്ദേഹത്തോടൊപ്പം ഒൻപതോളം കലാകാരന്മാർ ചേർന്ന് വെറും 7 ദിവസം കൊണ്ടാണ് തൃത്താലയുടെ ഈ വികസന ഭൂപടം പൂർത്തിയാക്കിയത്. സരസ് മേളയിലെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് തൃത്താലയുടെ വളർച്ച നേരിട്ടറിയാനുള്ള അവസരം കൂടിയാണിത്.
സി. ഡീ.എസ് അധ്യക്ഷമാരായ ലീന രവി, സൗമ്യ സതീശൻ, ലത സൽഗുണൻ, കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണ കുമാർ, ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ചന്ദദാസ് കെ.കെ, സി. ഡി.എസ് പ്രവർത്തകർ പങ്കെടുത്തു.
