കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മുമാറിന് തിരിച്ചടി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ പത്മകുമാറിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. പത്മകുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളും വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. ദേവസ്വം പ്രസിഡൻ്റായിരുന്ന പത്മകുമാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. നേരത്തേ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
അതിനിടെ കേസിലെ മുഖ്യ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേയ്ക്കാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. ഇതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി കടത്തിയ കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തേ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ ഈ മാസം പതിനാലിന് വിജിലന്‍സ് കോടതി പരിഗണിക്കും.
പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയിരുന്നത്. ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂര്‍വമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. പിത്തളപ്പാളി എന്ന് മാറ്റി ചെമ്പ് എന്ന് എഴുതിയത് പത്മകുമാറാണ്. 'അനുവദിക്കുന്നു' എന്ന് മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയതും പത്മകുമാറാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിന് തെളിവില്ല. കട്ടിളപ്പാളികളില്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ടത് തന്ത്രിയല്ലെന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.
