
ആദിശങ്കര കൾച്ചറൽ ട്രസ്റ്റ് നൽകുന്ന 2025 ലെ ഇന്ദ്രജാല ശ്രേഷ്ഠ പുരസ്‌കാരം പാലക്കാട് മേഴത്തൂർ സ്വദേശി മജീഷ്യൻ ഡോ. ആനന്ദ് മേഴത്തൂരിന് സമ്മാനിച്ചു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പദ്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പൊന്നാട അണിയിച്ച് പുരസ്‌കാരം നൽകി.
ഇന്ദ്രജാലത്തിലും മെന്റലിസത്തിലും വ്യത്യസ്തമായ അവതരണ ശൈലികൾ ഉപയോഗിച്ച് സാമൂഹിക സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ജാലവിദ്യകൾ അവതരിപ്പിച്ചുവരുന്ന ആനന്ദ് മേഴത്തൂർ, യുവതലമുറയെ നേർവഴിയിലേക്ക് നയിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം ദേശീയ–അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തിലേറെ നീണ്ട മാന്ത്രിക ജീവിതത്തിനുള്ള സമർപ്പണമാണ് ഈ അംഗീകാരത്തിന് വഴിവച്ചത്.
വി.ടി. ഭട്ടതിരിപ്പാടിന്റെ നാടായ മേഴത്തൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആനന്ദ്, ജാലവിദ്യയുമായി മുൻപരിചയമില്ലാതിരുന്നിട്ടും സ്വന്തം താല്പര്യവും പരിശ്രമവും കൊണ്ടാണ് ഇന്ദ്രജാലലോകത്ത് ശ്രദ്ധേയനായത്. മലയാളത്തിന്റെ മാന്ത്രിക ലോകത്തെ രാജകുമാരൻ ഗോപിനാഥ് മുതുകാടിന്റെ മാനേജർ പദവിയും, ലോകറെക്കോർഡുകളും ഡോക്ടറേറ്റും ഉൾപ്പെടെ നിരവധി ബഹുമതികൾ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കുട്ടികളുടെ ഗണിതശാസ്ത്ര കഴിവുകളും ഓർമ്മശക്തിയും വർധിപ്പിക്കുന്നതിനായി Guinness IQ Man അജിക്കൊപ്പം ചേർന്ന് IQED (Intelligent Quotations Education Design) എന്ന ആശയം മുന്നോട്ടുവച്ച് വിദ്യാഭ്യാസ രംഗത്തും സജീവമാണ് ആനന്ദ് മേഴത്തൂർ. മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ വാഴക്കുന്നം നമ്പൂതിരിപ്പാടിന്റെ ശിഷ്യപരമ്പരയിലെ കുമ്പിടി രാധകൃഷ്ണന്റെ ശിഷ്യനായ അദ്ദേഹം, മൂന്നു ദശകത്തിലേറെ നീണ്ട മാന്ത്രിക ജീവിതത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
‘മേഴത്തൂർ മായാവി’ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. ആനന്ദ് മേഴത്തൂർ മാന്ത്രികലോകം, ആചാരം അനുഷ്ഠാനം, മേഴത്തോൾ അഗ്നിഹോത്രി മുതൽ ആനന്ദ് മേഴത്തൂർ വരെ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.