
കൂറ്റനാട്: നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനാർഥിയെ സി പി ഐ എം നേതൃത്വം പ്രഖ്യാപിച്ചു. 19-ാം വാർഡ് തൊഴുകാട് നിന്നുള്ള വിജയിയായ ഡോ. നിഷയെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.
ആകെ 19 വാർഡുകളുള്ള പഞ്ചായത്തിൽ 16 വാർഡുകളിൽ സി പി ഐ എം നേടിയ വ്യക്തമായ വിജയം ഭരണത്തുടർച്ചയ്ക്ക് ഉറച്ച അടിത്തറ ഒരുക്കി. ജനവിധിയുടെ ശക്തമായ പിന്തുണയോടെ പാർട്ടി വീണ്ടും പഞ്ചായത്ത് ഭരണത്തിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമനില വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ അംഗത്വം നഷ്ടമായിരുന്ന ഡോ. നിഷ, ഇത്തവണ നടന്ന തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രാഷ്ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ വഴിത്തിരിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. ടി. മോഹൻദാസ് മത്സരിക്കും. പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ പഞ്ചായത്തിലെ വികസന പദ്ധതികൾക്ക് കൂടുതൽ വേഗം നൽകുമെന്ന് സി പി ഐ എം നേതൃത്വം അറിയിച്ചു.