
പട്ടാമ്പി നിളാതീരത്ത് രണ്ടു ദിവസം നീണ്ടുനിന്ന നാലാമത് നാഷണൽ ലെവൽ വുഷു കുങ്‌ഫു മാമാങ്കത്തിന് കൊടിയിറങ്ങി. പട്ടാമ്പി ചോലക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദ്വിദിന ചാമ്പ്യൻഷിപ്പിൽ ചൈനീസ് ആയോധനകലയുടെ വിവിധ ഇനങ്ങളിൽ ആവേശകരമായ മത്സരങ്ങൾ അരങ്ങേറി.
കേരളത്തിനകത്തും പുറത്തുമായി 30-ലധികം അക്കാദമികളിൽ നിന്നെത്തിയ 400-ത്തിലധികം മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഉയർന്ന നിലവാരത്തിലുള്ള പ്രകടനങ്ങളാൽ ഉത്സവഹർഷം നിറഞ്ഞ മത്സരവേദിയാണ് കാണികൾക്ക് സമ്മാനമായത്.
ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ ആതിഥേയരായ പട്ടാമ്പി YSK മാർഷ്യൽ ആർട്സ് അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. ബാംഗ്ലൂർ സെൻട്രൽ കുങ്‌ഫു ഗ്വൻ ടീം ഒന്നാം റണ്ണറപ്പും കൊണ്ടോട്ടി MMA മാർഷ്യൽ ആർട്സ് അക്കാദമി രണ്ടാം റണ്ണറപ്പുമെന്ന നേട്ടവും സ്വന്തമാക്കി.
നാലു ഗോൾഡ് മെഡലുകൾ നേടി സ്മൃതി ‘സ്റ്റാർ ഓഫ് ദ ചാമ്പ്യൻഷിപ്പ്’ പുരസ്കാരത്തിന് അർഹയായി. ഷിഫാ നസ്രിൻ മൂന്ന് ഗോൾഡും ഒരു സിൽവറും, രജിൻ മൂന്ന് ഗോൾഡും ഒരു സിൽവറും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
സമാപന ചടങ്ങിൽ സിഫു ഷബീർ ബാബു അധ്യക്ഷത വഹിച്ചു. പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൻ അസ്ന ഹനീഫ ട്രോഫികൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൻ ടി.പി. ഷാജി, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വിബിലേഷ്, സിനിമാ നടൻ ഗോവിന്ദ് പത്മസൂര്യ, കഥാകൃത്ത് ടി.വി.എം. അലി, തങ്കമണി കർണാടക, പ്രോഗ്രാം കൺവീനർ ഹുസൈൻ തട്ടത്താഴത്ത്, സുധീർ കുമാർ, ഹിളർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വുഷു കുങ്‌ഫു ഓർഗനൈസേഷൻ കേരളയുടെ മേൽനോട്ടത്തിൽ പട്ടാമ്പി YSK അക്കാദമിയാണ് ദ്വിദിന നാഷണൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 28 വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന YSK അക്കാദമി ഇതിനുമുമ്പും വുഷു കുങ്‌ഫു ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.