33.24 കി.മീ; 299.92 കോടി ചെലവ്‌; സൂപ്പർപാതയാകാൻ തൃശ്ശൂർ-കുറ്റിപ്പുറം റോഡ്

തൃശ്ശൂര്‍ - കുറ്റിപ്പുറം സംസ്ഥാന പാത ( സ്റ്റേറ്റ് ഹൈവേ - 69) പുനര്‍നിര്‍മ്മിക്കുന്നു. കേരള സംസ്ഥാന റി ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പുനര്‍നിര്‍മ്മാണം. രണ്ട് ഘട്ടമായി തിരിച്ച റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനായും പ്രാദേശിക ഉദ്ഘാടനം മുണ്ടൂര്‍ സെന്ററിലും നടക്കും. തൃശ്ശൂര്‍ പാറമേക്കാവ് മുതല്‍ കല്ലുംപുറം വരെയുള്ള പുനര്‍നിര്‍മ്മാണത്തിനാണ് തിങ്കളാഴ്ച തുടക്കമിടുന്നത്.നിലവിലുള്ള 33. 24 കി.മി.റോഡാണ് 299.92 കോടി രൂപ ചിലവില്‍ പുനര്‍ നിര്‍മ്മിക്കുന്നത്. ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടുകൂടി നടത്തുന്ന പദ്ധതി കെ.എസ്.ടി.പി.യാണ് നടപ്പിലാക്കുന്നത്.


നാലുവരിപാത തന്നെ


നിലവിലുള്ള നാലുവരിപാത തന്നെയായിരിക്കും. എന്നാല്‍ എല്ലായിടത്തും ഏഴര മീറ്റര്‍ വീതമുള്ള റോഡുകളായിരിക്കും. ബി.എല്‍.ഡി.സി.പ്രകാരം ടാര്‍ റോഡുകളും ആവശ്യമായ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് റോഡും ചിലയിടങ്ങളില്‍ പേവ്‌മെന്റ് ബ്ലോക്കുകളും ഉപയോഗിക്കും.റോഡിനു നടുവില്‍ മാര്‍ക്കിങ്ങുകളോടെയുള്ള ഡിവൈഡറും തയ്യാറാക്കും.


നിലവിലുള്ള ടാറിങ്ങ് യന്ത്രമുപയോഗിച്ച് മാന്തിയെടുത്ത ശേഷം ആവശ്യമായ കനത്തോടു കൂടിയുള്ള ടാറിങ്ങ് ചെയ്ത് റോഡ് യാത്രാ സൗകര്യപ്രദമാക്കും.


ആധുനിക മാതൃക


യാത്രക്കാര്‍ക്ക് ആവശ്യമായ തെരുവുവിളക്കുകളും ട്രാഫിക് സിഗ്‌നലുകളും സ്ഥാപിക്കും. പദ്ധതിയിലൂടെ ബസ് കാത്തിരിപ്പു കേന്ദ്രവും തയ്യാറാക്കും. ഇരുഭാഗത്തും കാനകള്‍ പണിത് അതിനു മുകളിലുടെ കാല്‍ നടക്കാര്‍ക്ക് നടക്കാനുള്ള സൗകര്യമൊരുക്കും. മാതൃകാ റോഡിനു പുറമെ സെന്ററുകളില്‍ പേവ് മെന്റ് ബിക്‌സും ഉണ്ട്. റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഹൈവേ വെളിച്ചങ്ങളും ഉള്‍പ്പെടും.


റോഡ് ആറ് നിയോജക മണ്ഡലങ്ങളിലൂടെ


തൃശ്ശൂര്‍, വടക്കാഞ്ചേരി ,മണലൂര്‍, കുന്നംകുളം, മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍ എന്നിങ്ങനെ ആറ് നിയോജക മണ്ഡലങ്ങളിലൂടെയുമാണ് റോഡ് കടന്നു പോകുന്നത്. മൂന്ന് പാലങ്ങളും, 21 കലുങ്കുകളും, ഏഴ് സൈഡ് ഡ്രൈയിന്‍ ക്രോസിങ്ങ് കലുങ്കുകളും പുനര്‍നിര്‍മ്മാണ പദ്ധതിയിലുണ്ട്. 24.35 കി.മീ. ടാറിങ്ങ് റോഡും 8.89 കി.മി.കോണ്‍ക്രീറ്റ് റോഡുമാണ്. പ്രധാന ജംഗ്ഷനുകളിലും ജനവാസ കേന്ദ്രങ്ങളിലും നവീകരണ പ്രവര്‍ത്തനങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.


24 മാസം കൊണ്ട് പൂര്‍ത്തിയാകും 


പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 24 മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഒരു വര്‍ഷം റോഡിന്റെ കുറവ് പരിഹരിക്കലും അഞ്ച് വര്‍ഷം അറ്റകുറ്റപണികളും കരാര്‍ ഏറ്റെടുത്തിട്ടുള്ള മുബൈയിലെ റേ പി.ആര്‍.എല്‍. കമ്പനി നല്‍കുന്നുണ്ട്.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

ഭൂമി ഏറ്റെടുക്കുന്നില്ലെങ്കിലും പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചായിരിക്കും നിലവിലെ റോഡിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍. സ്വയം വിട്ടു കൊടുക്കുവാന്‍ തയ്യാറായ ഉടമകളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കും.

അടിപ്പാതയില്ല

അമല സെന്ററിലെ പോലെ ഗതാഗത തിരക്കുള്ള സെന്ററുകളില്‍ പുതുതായി നടപ്പാത പണിയുന്നില്ല. മുണ്ടൂര്‍, കേച്ചേരി, ചൂണ്ടല്‍, അക്കിക്കാവ് സെന്ററുകളില്‍ അടിപ്പാതയുടെ ആവശ്യം 

നിലനില്‍ക്കുന്നുണ്ട്.ഇത് ഒരു പോരായ്മയാണ്.പല സ്ഥലങ്ങളിലും റോസിന് ഏഴര മീറ്റര്‍ വീതിയില്ലാതെയുണ്ട്.ഇവിടെ വീതി കൂട്ടാതെ നടപ്പിലാക്കുവാന്‍ ബുദ്ധിമുട്ടുമാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം