ശക്തമായ മഴയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം; ഒറ്റപ്പാലത്ത് വീട് തകർന്ന് ഗൃഹനാഥന് പരിക്ക്

സംസ്ഥാനത്ത് കനത്ത മഴ. പാലക്കാട് ഒറ്റപ്പാലം പനമണ്ണയിൽ വീട് തകർന്ന് ഗൃഹനാഥന് പരുക്ക്. കോഴിക്കോട് താമരശേരിയില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. കനത്തമഴയെ തുടര്‍ന്ന് പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെയും മംഗലം ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.   

ശക്തമായ മഴയിൽ രാത്രി 12 മണിയോടെ ആണ് വീട് തകർന്നത്. പനമണ്ണ പുതുമനപ്പറമ്പിൽ വേലായുധന് തലയിൽ ഓടു വീണു പരുക്കേറ്റു. ഓടു മേഞ്ഞ വീടിൻ്റെ മേൽക്കൂരയും ചുമരും ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. വേലായുധൻ്റെ ഭാര്യ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വേലായുധന്‍റെ പരുക്ക് ഗുരുതരമല്ല. രാത്രി പെയ്ത ശക്തമായ മഴയിലാണ് താമരശേരിയിലും വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണത്. കാരാടി ഷൈജുവിന്‍റെ വീടിനോട് ചേര്‍ന്നുള്ള മതിലാണ് തകര്‍ന്നു വീണത്. അപകടസമയത്ത് കുട്ടികളടക്കമുള്ള കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല

ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴു ജില്ലകളിൽ യെലോ അലർട്ടും ഉണ്ട്. തൃശൂർ മുതൽ കാസർകോടു വരെയാണ് ഓറഞ്ച് അലർട്ട് . ഈ ജില്ലകളിൽ ശക്തമായ മഴ കിട്ടും. ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട് . തിരുവനന്തപുരം മുതൽ എറണാകുളം വരെ യെലോ അലർട്ടാണ് . നാളെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം