ചാലിശ്ശേരി: പിതൃസ്മരണയിൽ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണ ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. രാവിലെ അഞ്ചുമണിയോടെ ആരംഭിച്ച ചടങ്ങിൽ അറുനൂറോളം പേർ ബലിതർപ്പണം നടത്തി. ക്ഷേത്രത്തിൽ വിശേഷാൽ തിലഹോമവും നടന്നു. പാലക്കാട്ടിരി ജയൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ധനേഷ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ബലിതർപ്പണത്തിനായി എത്തിയ ഭക്തർക്കായി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. കവുക്കോട് ശ്രീ മഹാദേവക്ഷേത്ര ശിവരാത്രി ആഘോഷ കമ്മിറ്റി, മാതൃസമിതി എന്നിവയുടെ അംഗങ്ങൾ പുലർച്ചെ നാലുമണി മുതൽ തന്നെ ചടങ്ങുകളുടെ നിയന്ത്രണത്തിനായി ക്ഷേത്രസന്നിധിയിൽ സന്നിഹിതരായിരുന്നു.
