
പടിഞ്ഞാറങ്ങാടി: ഇസ്‌ലാമിക ചരിത്രത്തിലെ മഹത് വ്യക്തിത്വവും ഖുദ്‌സിന്റെ വിമോചകനുമായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ)യുടെ നാമധേയത്തിൽ തൃത്താല മണ്ഡലത്തിൽ സ്ഥാപിതമായ അയ്യൂബി എജുസിറ്റിയിൽ 859-ാം ഉറൂസ് മുബാറക്ക് ‘ഉറൂസെ അയ്യൂബി’ക്ക് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കുണ്ടൂർ ഉസ്താദ് അനുസ്മരണവും നടക്കും.
അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ പതാക ഉയർത്തി ഉറൂസിന് തുടക്കം കുറിച്ചു. കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോൺ പ്രസിഡന്റ് കരീം സഖാഫി മാട്ടായ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഉറൂസെ അയ്യൂബി കൺവീനർ ശറഫുദ്ധീൻ അഹ്സനി അധ്യക്ഷത വഹിച്ചു.
അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി. അബ്ദുൽ കബീർ അഹ്സനി, ഷറഫുദ്ധീൻ സഅദി, ഇബ്രാഹിം സഅദി, സൈതാലി ഹാജി പറക്കുളം എന്നിവർ സംബന്ധിച്ചു. അബ്ദുൽ കാദർ മണ്ണാറപറമ്പ് സ്വാഗതം പറഞ്ഞു. സയ്യിദ് അലി അബ്ബാസ് തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.