കൂറ്റനാട് ഇരുചക്ര വാഹന യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി


കൂറ്റനാട്: പാലക്കാട്–ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ ഇരുചക്ര വാഹന യാത്രക്കാരനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി പരാതി. കൂറ്റനാട്–പട്ടാമ്പി പാതയിൽ വാവനൂരിന് സമീപമാണ് സംഭവം. ബസിന് ദിശമാറി നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് ആരോപണം.

നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശവും അഴുക്കുചാൽ നിർമാണത്തിനായി കുഴിച്ചിട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് സുരക്ഷിതമായി സൈഡിലേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ഗുരുവായൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് യാത്രക്കാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതെന്നും തുടർന്ന് ജീവനക്കാർ മർദ്ദിച്ചതെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.

എടപ്പാൾ സ്വദേശി സ്വാലിഹ് (26) ആണ് പരാതിക്കാരൻ. ബൈക്ക് തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൂർണമായും വലിച്ചുകീറിയതായി സ്വാലിഹ് നാട്ടുകാരോടും പോലീസിനോടും പറഞ്ഞു. ബസ് കൂറ്റനാട് എത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും ജീവനക്കാരുടെ സമീപനം ചോദ്യം ചെയ്തതിനെ തുടർന്ന് കീറിയ വസ്ത്രങ്ങൾക്ക് പകരമായി 500 രൂപ നിർബന്ധപൂർവം നൽകിയതായും സ്വാലിഹ് ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരാണ് ചാലിശ്ശേരി പോലീസിനെ വിവരമറിയിച്ചത്. സ്വാലിഹിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം