
കൂറ്റനാട്: ഔദ്യോഗിക തിരക്കുകൾക്കും യൂണിഫോമിന്റെ ഗൗരവത്തിനും ഒരു പകൽ അവധി നൽകി ഓണക്കോടിയും ഒരേ നിറത്തിലുള്ള ഷർട്ടും അണിഞ്ഞ് ചാലിശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒത്തുചേർന്നപ്പോൾ സ്റ്റേഷൻ പരിസരം സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും ഓണവേദിയായി. പൂക്കളം, പാട്ട്, വിവിധ മത്സരങ്ങൾ, വഞ്ചിപ്പാട്ട്, നാടൻപാട്ട്, ഓണസദ്യ എന്നിവയോടെ ഓണാഘോഷം 2026 വേറിട്ട അനുഭവമായി.
ശനിയാഴ്ച രാവിലെ സ്റ്റേഷന് മുന്നിൽ പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും ചേർന്ന് വർണാഭമായ പൂക്കളം ഒരുക്കി. തൃത്താല എം.എൽ.എ വി.ടി. ബൽറാം, ഷൊർണൂർ ഡിവൈ.എസ്.പി കെ.സി. വിനു, തൃത്താല സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ഓണസന്ദേശം പങ്കുവെച്ചു.
സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന വടംവലി മത്സരത്തിൽ നാല് ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിനൊടുവിൽ എസ്.എച്ച്.ഒ ടീം ജേതാക്കളായി. സ്പൂൺ റേസ്, കസേരകളി, വഞ്ചിപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പായസത്തോടുകൂടിയ ഓണസദ്യയും ആഘോഷത്തിന് മധുരം പകർന്നു.
സബ് ഇൻസ്പെക്ടർ കെ. ഉണ്ണി, മുൻ എസ്.ഐമാരായ ടി. അരവിന്ദാക്ഷൻ, എൻ. ജ്യോതിപ്രകാശ്, എ.എസ്.ഐമാരായ കെ.ജെ. ജയൻ, ബിനീഷ്, കെ. ഇന്ദിര, രാജീവ്കുമാർ എൻ.കെ., മാധ്യമപ്രവർത്തകരായ എ.സി. ഗീവർ ചാലിശേരി, പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.