
പാലക്കാട്: മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടിത്തത്തിൽ പൊള്ളലേറ്റ ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പുലർച്ചെ നടന്ന അപകടത്തിൽ വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
അറക്കപ്പൊടി കയറ്റിവന്ന ലോറിയും മറ്റൊരു കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ അറക്കപ്പൊടി കയറ്റിയ ലോറിക്ക് ഉടൻ തന്നെ തീപിടിച്ചു. തീ പടർന്നതോടെ ലോറിയിൽ നിന്നും പുറത്തേക്ക് ചാടിയ നസീറുദ്ദീൻ റോഡരികിലേക്ക് ഇഴഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇതിനകം അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.