തൃത്താല: മുസ്ലിം ലീഗ് തൃത്താല മണ്ഡലം മുൻ പ്രസിഡന്റും പട്ടിത്തറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി.വി.എസ്. സെയ്താലിക്കുട്ടി ആലൂർ അന്തരിച്ചു. പാർട്ടി പ്രവർത്തനരംഗത്തും പൊതുപ്രവർത്തനരംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ജനപ്രതിനിധി എന്ന നിലയിലും നാടിന്റെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്കൊപ്പം നിന്ന വ്യക്തിത്വമായിരുന്നു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിച്ച അദ്ദേഹം തൃത്താല മണ്ഡലം മുൻ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. നിലപാടുകളിൽ കാർക്കശ്യം പുലർത്തിയിരുന്നെങ്കിലും സൗമ്യമായ പെരുമാറ്റവും സ്നേഹപൂർവമായ ഇടപെടലുകളും കൊണ്ട് എല്ലാവരുടെയും ആദരവും സ്നേഹവും നേടിയിരുന്നു.
സഹപ്രവർത്തകർക്കും പ്രവർത്തകർക്കും എന്നും പ്രചോദനമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും നാടിനും വലിയ നഷ്ടമാണ്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എസ്. ഷാജഹാന്റെയും മാധ്യമപ്രവർത്തകനും സുപ്രഭാതം ദിനപത്രം പാലക്കാട് ജില്ലാ ചീഫ് എഡിറ്ററുമായ പി.വി.എസ്. ശിഹാബിന്റെയും പിതാവാണ്. കബറടക്കം 26-08-2026 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പട്ടിത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
