പുലിക്കളിയെക്കുറിച്ചുള്ള വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. വയറിൽ ചിത്രം വരച്ചു കുലുക്കിയുള്ള ഒരു കല കാണുമ്പോൾ, അത് ശരിയാണെന്ന് തോന്നുന്നില്ല. പലരോടും ചോദിച്ചെങ്കിലും, ഇത്തരമൊരു നൃത്തരൂപം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീരാമന്‍ പറഞ്ഞു. അതേസമയം, പുലിക്കളി കാണാത്തതുകൊണ്ടാണ് ഇത്തരം വിമർശനമെന്നും, പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ ശ്രീരാമന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അയ്യന്തോള്‍ പുലിക്കളി സംഘം ആവശ്യപ്പെട്ടു.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്ന മുഖവുരയോടെയായിരുന്നു കഴിഞ്ഞദിവസം ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. "ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണ്. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി റയുന്നത്. അതാണൊരാശ്വാസം" -എന്നായിരുന്നു പരിഹാസം കലര്‍ത്തിയുള്ള ശ്രീരാമന്റെ വാക്കുകള്‍.
വിമര്‍ശനം കടുത്തെങ്കിലും, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീരാമന്‍ പ്രതികരിച്ചു. വയറിൽ ചിത്രം വരച്ചു കുലുക്കിയുള്ള ഒരു കല കാണുമ്പോൾ അത് ശരിയാണെന്ന് തോന്നുന്നില്ല. എങ്ങനെ അതൊരു കലയായി മാറുമെന്ന സംശയം പലപ്പോഴും ഉണ്ടായിട്ടുണ്ട്. പലരോടും ചോദിച്ചെങ്കിലും ഇങ്ങനെ ഒരു നൃത്ത രൂപം ഉള്ളതായി അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. മറ്റുള്ളവരുടെ വിമർശനങ്ങൾ പരിശോധിക്കുകയാണെന്നുമായിരുന്നു ശ്രീരാമന്റെ പ്രതികരണം.
എന്നാല്‍, ശ്രീരാമന്‍ പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയെന്നാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ശ്രീരാമന്‍ മാപ്പ് പറയണം. അല്ലാത്തക്ഷം വലിയ പ്രതിഷേധം ഉണ്ടാകും. 200 വര്‍ഷം പഴക്കമുള്ള കലയെയാണ് അപമാനിച്ചത്. പുലിക്കള്ളി കാണാത്തതുകൊണ്ടാണ് ഇത്തരമൊരു വിമര്‍ശനം. ഇത്തവണ പുലിക്കളി കാണാന്‍ ശ്രീരാമനെ ക്ഷണിക്കുന്നുവെന്നും അയ്യന്തോൾ പുലിക്കളി സംഘം പ്രതികരിച്ചു.
