ടെഹ്‌റാന്‍: ഹോര്‍മൂസില്‍ വെല്ലുവിളിയുമായി അമേരിക്ക രംഗത്ത്. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷ ഒരുക്കുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചു. ഹോര്‍മൂസ് നിയന്ത്രിക്കുന്നത് ഇറാന്‍ അല്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അധികൃതര്‍ പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെല്ലുവിളിയുമായി അമേരിക്ക രംഗത്തെത്തിയത്. അതേസമയം, അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഒമാന്‍ അതൃപ്തി അറിയിച്ചു.
അതേസമയം, ഹോര്‍മൂസ് കടലിടുക്ക് ആണവായുധങ്ങളേക്കാള്‍ മൂല്യമുള്ള സ്വത്തെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. എന്ത് വിലകൊടുത്തും ഹോര്‍മൂസിന് മേലുള്ള നിയന്ത്രണം സംരക്ഷിക്കുമെന്നും മേജര്‍ ജനറല്‍ മൊഹ്സിന്‍ റെസായി പറഞ്ഞു.
ഒരാഴ്ചക്കിടെ അമേരിക്ക മൂന്ന് തവണയാണ് ഇറാനെതിരായ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം അഴിച്ചുവിടുകയും ഹോര്‍മൂസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
നിലവില്‍ സംഘര്‍ഷം കൈവിട്ടുപോകുന്ന സാഹചര്യമാണുള്ളത്. ഇത് ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ കഴിഞ്ഞ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.