കൊപ്പം, കരിങ്ങനാട്, തൃത്താല, പട്ടിത്തറ, വിളത്തൂർ, ചെമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും ക്ഷേത്രങ്ങളിലും പരമ്പര മോഷണം നടത്തിയിരുന്ന തൃത്താല സ്വദേശികൾ ഉൾപ്പെടെയുള്ള ആറംഗ സംഘത്തെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമായ ഇവർ ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് കവർച്ച നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കരിങ്ങനാട് സ്വദേശി വൈഷ്ണവ് (20), പട്ടിത്തറ സ്വദേശി നവദത് (20), ആലൂർ സ്വദേശികളായ ആദിത്യൻ (21), മുഹമ്മദ് ഷിബിൽ (20), അശ്വിൻ (22), ശ്രീഹരി (19) എന്നിവരാണ് പിടിയിലായത്. ക്ഷേത്രങ്ങളിലും വീടുകളിലും കയറി പാത്രങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് വിൽപന നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി.
കഴിഞ്ഞ ദിവസം തൃത്താലയിൽ മോഷ്ടിച്ച വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമയ്ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തൃത്താല പൊലീസിന്റെ സഹകരണത്തോടെ സ്ഥലത്തെത്തിയ കൊപ്പം പൊലീസ് ആദ്യം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ഉപയോഗിച്ച് ബാക്കി മൂന്ന് പേരെയും തന്ത്രപരമായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്ന് കൊപ്പം പൊലീസ് അറിയിച്ചു.
