വാവനൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 9-ാമത് വാവനൂർ പ്രീമിയർ ലീഗ് ശ്രദ്ധേയമായി. സീനിയർ വിഭാഗത്തിന് പുറമെ അണ്ടർ-14 വിഭാഗത്തിലും മത്സരങ്ങൾ അരങ്ങേറി. അണ്ടർ-14 വിഭാഗത്തിൽ 40 കുട്ടികൾ വിവിധ ടീമുകളിലായി പങ്കെടുത്തത് ടൂർണമെന്റിന്റെ പ്രത്യേകതയായി.
"ഫുട്ബോൾ ആണ് ലഹരി, ആരോഗ്യമാണ് പ്രധാനം" എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഉദ്ഘാടനം നാഗലശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ടി.കെ. മുസ്തഫ നിർവഹിച്ചു. കായികരംഗത്ത് യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് ഇത്തരം പരിപാടികൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.പി. മണി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കായിക വിനോദങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും ശാരീരിക-മാനസിക ആരോഗ്യ വളർച്ചയ്ക്ക് സഹായകരമാണെന്നും ലഹരിക്കെതിരായ ശക്തമായ സന്ദേശമാണ് ഇത്തരം മത്സരങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
