ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവം: ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതർ

ചികിത്സാ നിഷേധം എന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ നഗരസഭാ സാരഥികൾ താലൂക്ക് ആശുപത്രി സന്ദർശിച്ചപ്പോഴാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഏഴ് വയസ്സുകാരന് ചികിത്സ ലഭിച്ചില്ല എന്നായിരുന്നു പരാതി. നഗരസഭ ചെയർ പേഴ്സൺ എം.കെ ജയസുധ, വൈസ് ചെയർമാൻ കെ.രാജേഷ്, വാർഡ് കൗൺസിലർ ടി.പി പ്രദീപ് കുമാർ എന്നിവരാണ് ആശുപത്രി സന്ദർശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന RM0, നഴ്സിംഗ് സൂപ്രണ്ട് എന്നിവരിൽ നിന്ന് വിവരം തിരക്കി. കുട്ടിയെ രാത്രി 1.30 നാണ് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചത്. അന്ന് രാവിലെ സ്വകാര്യ ക്ലീനിക്കിൽ നിന്ന് കുട്ടികളുടെ ഡോക്ടറെ കാണുകയും, ആ ഡോക്ടർ എഴുതി കൊടുത്ത മരുന്ന് കുറിപ്പടിയുമായിട്ടാണ് താലൂക്ക് ആശുപത്രിയിൽ ഇവർ എത്തിയത്.

രാവിലെ കാണിച്ച ഡോക്ടറുടെ മരുന്ന് ഒരു നേരമാണ് കഴിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കിയ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ തുടർന്നും ഈ മരുന്ന് തന്നെ കഴിക്കണം എന്ന് നിർദ്ദേശിക്കുകയും, കുട്ടികളുടെ ഡോക്ടറെ തന്നെ കാണിക്കാൻ ഹയർ ലെവൽ ആശുപത്രിയിലേക്ക് പോകണമെന്ന് നിർദ്ദേശിക്കുകയുമാണ് ഉണ്ടായത്. ഇവിടെ ചികിത്സാ നിഷേധം ഉണ്ടായതായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്നാണ് RM0 അറിയിച്ചത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ താലൂക്ക് ആശുപത്രിയിൽ ഉള്ളത് ഉച്ചക്ക് 1 മണി വരെ മാത്രമാണ്. അത്യാഹിതങ്ങളും, അടിയന്തര ചികിത്സകൾക്കുമായി ജനറൽ മെഡിസിൻ വിഭാഗത്തിൽ ഒന്നോ രണ്ടോ ഡോക്ടർമാരാണ് മറ്റു സമയങ്ങളിൽ ഉണ്ടാവുക. 

മറ്റു സമയങ്ങളിൽ / രാത്രി കാലങ്ങളിൽ സ്പെഷ്യലിസ്റ്റ് ചികിത്സ ലഭിക്കാൻ താലൂക്ക് ആശുപത്രിയിൽ സംവിധാനമില്ല എന്നത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. ഏത് സമയത്തും അടിയന്തരമായി എത്തുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള സംവിധാനം പൂർണ്ണമായും ഉപയോഗപ്പെടുത്തി, രോഗികളുടെ ബന്ധുക്കളെ കാര്യം സൗമ്യമായി ധരിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. രോഗിയുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം