ചാലിശ്ശേരി സ്വദേശികളുടെ കലാസൃഷ്ടി; പത്തടി ഉയരത്തിൽ ഭീമൻ ട്രിയോണ്ട ഫുട്ബോൾ


ചാലിശ്ശേരി: ഫുട്ബോൾ ലോകകപ്പ് ആവേശം ഉയരുന്നതിനിടെ ചാലിശ്ശേരിയിൽ ഒരുങ്ങുന്ന പത്തടി ഉയരമുള്ള ഭീമൻ ട്രിയോണ്ട ഫുട്ബോൾ മാതൃക കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ചാലിശ്ശേരി സ്വദേശി ഷൈജുവിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ ഒരു സ്വകാര്യ മാളിലെ പ്രദർശനത്തിനായാണ് ഈ വേറിട്ട കലാസൃഷ്ടി ഒരുക്കുന്നത്.

ചാലിശ്ശേരി പൊട്ടിക്കുന്നത് വീട്ടിൽ താമി–തങ്ക ദമ്പതിമാരുടെ മകനും ചിത്രകാരനും മിമിക്രി കലാകാരനുമായ ഷൈജുവിനൊപ്പം കാട്ടകാമ്പാൽ സ്വദേശി സുബീഷും ഒറ്റപ്പിലാവ് സ്വദേശി സുരേഷും ചേർന്ന മൂന്നംഗ സംഘമാണ് ഭീമൻ ഫുട്ബോളിന് രൂപം നൽകിയത്. ഒരാഴ്ചയിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിർമ്മാണം അവസാനഘട്ടത്തിലെത്തിയത്.

സ്ഥലപരിമിതി കാരണം ഷൈജുവിന്റെ സുഹൃത്തുക്കളായ പെരുമണ്ണൂർ തായ്ക്കാട്ട് വീട്ടിലെ ഉണ്ണിമോന്റെയും വൈശാന്തിന്റെയും ഹോളോബ്രിക്സ് കമ്പനിയിൽ വച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫ്രെയിം നിർമിച്ചശേഷം ഫുട്ബോളിന്റെ രൂപകൽപ്പന പൂർത്തിയാക്കുകയായിരുന്നു.

ഏകദേശം 400 ചതുരശ്ര അടി ഫ്ലോറക്സ് ഷീറ്റ്, പോളിഫോം, വിനൈൽ സ്റ്റിക്കർ, പ്ലാസ്റ്റിക് പുൽ, പെയിന്റ് തുടങ്ങിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഭീമൻ പന്ത് നിർമിച്ചത്. ലോകകപ്പിൽ ഉപയോഗിക്കുന്ന ഫുട്ബോളിന്റെ രൂപവും ഡിസൈനും അതേപടി പകർത്തുന്ന രീതിയിലാണ് നിർമാണം. ഇതിനായി ഏകദേശം 65,000 രൂപ ചെലവഴിച്ചതായും അണിയറ പ്രവർത്തകർ അറിയിച്ചു.

പെയിന്റിങ്ങും ഫിനിഷിങ് ജോലികളും പൂർത്തിയാകാനിരിക്കുന്ന ഈ ഭീമൻ ഫുട്ബോൾ പ്രദർശനവേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. ലോകകപ്പ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഈ ദൃശ്യവിസ്മയം ഫുട്ബോൾ ആരാധകരെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിക്കുമെന്നുറപ്പാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം