
പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ജൂൺ 16 വരെയുള്ള കണക്കുകൾ പ്രകാരം 543 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം വിവിധ ആശുപത്രികളിലായി 11,441 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മണ്ണാർക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗവ്യാപനം വർധിച്ചതിനെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ ജില്ലയിൽ ആകെ 546 ഡെങ്കിപ്പനി കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ജൂൺ പകുതിയോടെ തന്നെ രോഗബാധിതരുടെ എണ്ണം 543 ആയി ഉയർന്നത് ആരോഗ്യരംഗത്തെ ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ മാസം സാധാരണ പനി ബാധിച്ച് ഏകദേശം 15,000 പേരും ചികിത്സ തേടിയിരുന്നു.
അതേസമയം, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. എന്നാൽ കൊതുക് നശീകരണം, വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ, വ്യക്തിശുചിത്വം പാലിക്കൽ തുടങ്ങിയ പ്രതിരോധ നടപടികൾ കർശനമായി തുടരണമെന്ന് അധികൃതർ നിർദേശിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് മേരി ജ്യോതി വിൽസണും ജനങ്ങളോട് ജാഗ്രത പാലിക്കാനും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാനുമാണ് അഭ്യർഥിച്ചത്.