ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡൽഹി കോടതി. അസുഖബാധിതയായ പ്രായമായ അമ്മയെ പരിചരിക്കാനും അമ്മാവന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹർജിയിൽ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ കർക്കർദൂമ കോടതി അപേക്ഷ തള്ളി. അഡിഷ്ണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തി അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് ജയിലിലാണ്. ഇതിനിടെ, ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് മറ്റൊരു സുപ്രീം കോടതി ബെഞ്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. വിചാരണ നീണ്ടുപോയാൽ ജാമ്യം അനുവദിക്കണമെന്ന നജീബ് കേസിലെ വിധി പാലിക്കപ്പെട്ടില്ലെന്ന നിരീക്ഷണവും കോടതി നടത്തി.
