തൃത്താല: കടുത്ത ചൂടിന് ആശ്വാസമായി തൃത്താല മേഖലയിലുടനീളം വ്യാഴാഴ്ച വൈകിട്ട് കനത്ത വേനൽമഴ പെയ്തു. ശക്തമായ കാറ്റിനൊപ്പമെത്തിയ മഴ പല പ്രദേശങ്ങളിലുമായി ജനങ്ങൾക്ക് വലിയ ആശ്വാസമായി. ഉച്ച സമയത്ത് അസഹനീയമായ ചൂടും വെയിലും അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിലാണ് വൈകുന്നേരത്തോടെ കാലാവസ്ഥ പെട്ടെന്ന് മാറിയത്.
പാലക്കാട് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് ജില്ലാ കലക്ടർ പുറത്തിറക്കിയ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക, മരങ്ങളുടെ ചുവട്ടിൽ അഭയം തേടാതിരിക്കുക, വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകി.
