മാതൃദിനത്തിൽ ബേബിഅമ്മയെ ആദരിച്ചു; വീട്ടിലെത്തി പൊന്നാട അണിയിച്ച് വി.ടി. ബൽറാം


ചാലിശ്ശേരി: മാതൃദിനത്തിൽ നാല് തലമുറകളുടെ സ്നേഹവും വാത്സല്യവും നിറഞ്ഞ കുടുംബജീവിതത്തിന് മാതൃകയായ ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ ബേബിഅമ്മയെ തൃത്താല നിയുക്ത എം.എൽ.എ വി.ടി. ബൽറാം ആദരിച്ചു. ജീവിതത്തിന്റെ തൊണ്ണൂറ്റിമൂന്നാം വയസിലും മക്കളെയും കൊച്ചുമക്കളെയും അവരുടെ പുതുതലമുറയെയും ഹൃദയത്തോട് ചേർത്ത് കുടുംബസ്നേഹത്തിന്റെ തണലായി കഴിയുന്ന ബേബിഅമ്മയെ ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തി പൊന്നാട അണിയിച്ചാണ് ആദരിച്ചത്.

കാലം എത്ര മാറിയാലും അമ്മമാരുടെ സ്നേഹത്തിന് പ്രായമില്ലെന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ചടങ്ങിലുണ്ടായതെന്ന് വി.ടി. ബൽറാം പറഞ്ഞു. ബന്ധങ്ങൾ പലപ്പോഴും അകലങ്ങളിലേക്ക് വഴുതിപ്പോകുന്ന ഇന്നത്തെ കാലഘട്ടത്തിൽ നാല് തലമുറകളെ ഒരേ സ്നേഹച്ചുവരിനുള്ളിൽ ചേർത്തുനിർത്തുന്ന ബേബിഅമ്മയുടെ ജീവിതം പുതുതലമുറയ്ക്ക് വലിയ പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ജീവിതത്തിൽ ഒരമ്മയെയും മറക്കാൻ കഴിയില്ല. മാതൃത്വത്തിന്റെ മഹത്വവും കുടുംബബന്ധങ്ങളുടെ ശക്തിയും ഓർമ്മിപ്പിക്കുന്ന ജീവിതമാണ് ബേബിഅമ്മയുടേത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാർക്കും ആശംസകളും അദ്ദേഹം നേർന്നു. ചടങ്ങിൽ സി.വി. മണികണ്ഠൻ, സലീം ചാലിശ്ശേരി, ജിജു ജക്കബ്, റോഷിത് തമ്പി, പ്രിൻസൺ ചേറു, റീസ പ്രകാശൻ, മോഹനൻ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം