ഡിജിറ്റൽ സർവ്വേയിലെ അപാകത മൂലം ഭൂനികുതി നൽകാനാവാതെ പട്ടിത്തറ നിവാസികൾ

പട്ടാമ്പി താലൂക്കിലെ പട്ടിത്തറ വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്ന, സ്ഥലം കൂടുതൽ ഉള്ളതും, സബ് ഡിവിഷൻ ഒന്നിൽ കൂടുതൽ ഉള്ളതുമായ ഭൂ ഉടമകൾക്ക് 2026-2027 ലെ ഭൂനികുതി ഒടുക്കാൻ കഴിയുന്നില്ലെന്ന് കോട്ടപ്പാടം പാടശേഖര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടു. ഡിജിറ്റൽ സർവ്വേയിലെ അപാകതയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. നികൃതി അടക്കണമെങ്കിൽ സബ് ഡിവിഷൻ ചെയ്യണമെന്നും അതിനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തുക ഫീസും കൊടുത്തു വീണ്ടും സർവ്വേക്കായി അപേക്ഷിക്കണമെന്നു മാണ് ഉത്തരവാദപ്പെട്ട റവന്യൂ അധികാരികൾ പറയുന്നത്. ഇത്തരത്തിലാണ് നടപടികൾ നീങ്ങുന്നതെങ്കിൽ അടുത്ത കാലത്തൊന്നും ഇക്കൊല്ലത്തെ ഭൂനികുതി അടക്കുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ കർഷകരും നാട്ടുകാരും ആശങ്കയിലാണ്.  

ഡിജിറ്റൽ സർവ്വേയ്ക്ക് വന്ന സർവ്വേയർമാർക്കു മുന്നിൽ ഭൂവുടമകൾ നേരിട്ട് നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന നികുതി ചീട്ട് കാണിച്ചു അവരവരുടെ അതിർത്തികൾ നിർണയിച്ചു കൊടുത്തതാണ്. എന്നാൽ ഡിജിറ്റൽ സർവ്വെ കഴിഞ്ഞപ്പോൾ നിലവിൽ സബ് ഡിവിഷൻ ആയി അടച്ചു കൊണ്ടിരിക്കുന്ന വ്യത്യസ്ത സർവ്വേ നമ്പർ ഉള്ള നഞ്ച, പറമ്പ് മുതലായ ഭൂമി എല്ലാം കൂടി ഒരു സർവ്വേ നമ്പറിൽ ഒറ്റ ഭൂമിയായി കാണിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ പരാതിയും ഇതാണ്.

മാസങ്ങൾക്കു മുൻപ് പുതിയതായി രജിസ്റ്റർ ചെയ്തു നികുതിയും അടച്ചു പോക്കുവരവ് പോലും ചെയ്ത ഭൂമിയാവട്ടെ ഇപ്പോൾ പഴയ വ്യക്തിയുടെ പേരിലാണ് കിടക്കുന്നത്. ചുരുക്കത്തിൽ ഉടമകൾ ഭൂരഹിതരായി മാറുന്ന ദുഃസ്ഥിതിയുമുണ്ട്. നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന ഭൂമിയുടെ പുതിയ നികുതി ഒടുക്കാൻ ചെന്നപ്പോൾ രേഖയിൽ ഭൂമി ഇല്ലെന്നും പരാതിയുണ്ട്. അതിനു പുറമെ ഉടമയുടെ ഭൂ വിസ്തൃതിയിൽ വലിയ തരത്തിലുള്ള ഏറ്റക്കുറച്ചിലുകളും കാണുന്നുണ്ട്.

ഇത്തരം പരാതികൾ പരിഹരിക്കാൻ റവന്യൂ അധികാരികൾ പറയുന്നത് അക്ഷയയിൽ പോയി രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്ത് റീ സർവ്വേക്ക് അപേക്ഷിക്കാനാണ്. ഇതിനായി നല്ലൊരു തുകയും ഫീസായി കെട്ടുകയും വീണ്ടും മുൻപ് ചെയ്ത അതേ നടപടികൾ തന്നെ ആവർത്തിക്കുകയും വേണം. ഒരു മാസം മുൻപ് അക്ഷയയിൽ സബ് ഡിവിഷന് വേണ്ടി അപേക്ഷ കൊടുത്തവർക്ക് ഇതുവരെയും അധികാരികളിൽ നിന്നും ഒരു അറിയിപ്പും കിട്ടിയിട്ടില്ല. കാലതാമസം ഒരുപാട് നേരിടുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഭൂഉടമകളുടെ ചോദ്യത്തിന് ഡിജിറ്റൽ സർവ്വേ ചെയ്തവർ പരിചയമില്ലാത്ത കുട്ടികൾ ആയിരുന്നുവെന്നും അവർക്ക് പെട്ടെന്ന് തീർക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ഒന്നിച്ചു ചെയ്തതെന്നുമാണ് മറുപടി.  

റവന്യൂ അധികൃതർ ചെയ്ത തെറ്റിന് പാവപ്പെട്ട സാധാരണ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്. സർക്കാരുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും പുതിയ നികുതി രശീതി ആവശ്യമാണ്. വീട് പണിയാൻ, മറ്റു സ്ഥാപനങ്ങൾ തുടങ്ങാൻ, കുട്ടികളുടെ ഉപരിപഠനത്തിന്, കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ, പേഴ്‌സണൽ ലോൺ, കർഷകർക്ക് വിത്ത്, ഉഴവ് കൂലി, സബ്‌സിഡി, മററു ആനുകൂല്യങ്ങൾ തുടങ്ങിയവക്കെല്ലാം പുതിയ നികുതി അടച്ച രശീത് നിർബന്ധമാണ്.

ഇനി മുതൽ കാർഷികാനൂകൂല്യങ്ങൾക്ക് അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമാണ്. മെയ് 30 നുള്ളിൽ എല്ലാ കർഷകരും രജിസ്റ്റർ ചെയ്യണം എന്ന് കാണിച്ചു കൃഷിഭവനിൽ നിന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്. പുതിയ നികുതി അടക്കാതെ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത അവസ്ഥയും കർഷകരെ വലയ്ക്കുന്നുണ്ട്. സ്ഥലം വിൽക്കാനും വാങ്ങുവാനും നികുതി രശീത് വേണം. ഇങ്ങനെ ദൈനം ദിന ജീവിതത്തിൽ നൂറുകൂട്ടം പ്രശ്‌നങ്ങളാണ് നാട്ടുകാർ അനുഭവിക്കുന്നത്.

ഈ പൊല്ലാപ്പിന് ഉടനടി പരിഹാരം കാണുക എന്നതും അസാധ്യമാണെന്നിരിക്കെ മുൻ വർഷത്തെ നികുതി രശീത് പ്രകാരം 2026-27 വർഷത്തെ നികുതി അടച്ചു തന്നു ജനങ്ങളെ സഹായിക്കണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ എം.എം രാമകൃഷ്ണൻ, കെ.പി സഗീർ, വാർഡ് മെമ്പർ സി.വി ബഷീർ, കെ.പി നാസർ, പി. അബ്ദുൽ ജലീൽ, കെ.പി.മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം