
കൂറ്റനാട്: പട്ടാമ്പി താലൂക്കിലെ കപ്പൂർ വില്ലേജിലെ പള്ളങ്ങാട്ടുചിറ - കവുക്കോട് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ കൈവശ സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. ഇവിടെ നിന്നും മണ്ണെടുക്കുന്നതിനായി നേരത്തെ ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നുവെങ്കിലും, രാവിലെ എഴുതുന്ന പാസ് മായ്ച്ചുകളയാവുന്ന മഷി ഉപയോഗിച്ച് തയ്യാറാക്കി പിന്നീട് അതിൽ സമയം തിരുത്തി ഉപയോഗിക്കുന്നതായി പരാതി ഉയർന്നിരുന്നു.
പരാതിയെ തുടർന്ന് പട്ടാമ്പി തഹസിൽദാർ ടി. സുജിത്തിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പാസിൽ തിരുത്തൽ വരുത്തി മണ്ണ് കടത്തിയ മൂന്ന് ടോറസ് ലോറികൾ സംഘം പിടിച്ചെടുത്തു. പാസ് അനുവദിച്ച സ്ഥലത്തിന് സമീപമുള്ള മറ്റൊരു ഭാഗത്ത് നിന്നും അനുമതിയില്ലാതെ വൻതോതിൽ മണ്ണ് കടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി.
ഒരു സ്ഥലത്തേക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളിൽ നിന്നും മണ്ണ് കടത്തിയതും പാസിൽ കൃത്രിമം നടത്തിയതും കണ്ടെത്തിയതിനെ തുടർന്ന് ബാക്കിയുള്ള ജിയോളജി പാസുകളും റവന്യൂ സംഘം പിടിച്ചെടുത്തു. മണ്ണെടുപ്പ് തൽക്ഷണം നിർത്തിവയ്ക്കാനും ഉത്തരവിട്ടു. അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ വരും ദിവസങ്ങളിലും ശക്തമായ പരിശോധനയും നടപടികളും തുടരുമെന്ന് തഹസിൽദാർ അറിയിച്ചു.