ലഹരി-ആത്മഹത്യക്കെതിരെ ജനകീയ പ്രതിരോധം വേണം: കേരള മുസ്‌ലിം ജമാഅത്ത്

പടിഞ്ഞാറങ്ങാടിയിൽ സംഘടിപ്പിച്ച സി.ജി ആർട്ടിക്കുലേഷൻ സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ ലഹരി ഉപയോഗവും ആത്മഹത്യാ പ്രവണതയും സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും ആത്മഹത്യാ പ്രവണത വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ നേതാക്കൾ, ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്ന് ആവശ്യപ്പെട്ടു. പരീക്ഷ പരാജയം, പ്രണയ നൈരാശ്യം, ലഹരി ഉപയോഗം, സൈബർ കെണികൾ, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവ യുവാക്കളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതായി സംഗമം വിലയിരുത്തി.

കുടുംബങ്ങൾ കുട്ടികളിൽ ചെറുപ്പം മുതൽ മതപരവും ധാർമ്മികവുമായ മൂല്യബോധവും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസവും വളർത്തിയെടുക്കണമെന്ന് നേതാക്കൾ പറഞ്ഞു. ഒരു പരാജയവും ജീവിതത്തിന്റെ അവസാനമല്ലെന്നും ഏത് പ്രതിസന്ധിയിൽ നിന്നും തിരിച്ചുവരാൻ വഴികളുണ്ടെന്നും പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമായും അവർ ചൂണ്ടിക്കാട്ടി. ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ കർശനമായ നിയമനടപടികളും സാമൂഹിക ജാഗ്രതയും ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

‘സമസ്ത: നൂറ് പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗമം ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹാജി കാരാകുറുശ്ശി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ പടിക്കൽ, കെ. ഉമർ മദനി വിളയൂർ, എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. തുടർന്ന് പടിഞ്ഞാറങ്ങാടി ടൗണിൽ നടന്ന സെന്റിനറി ഗാർഡ് അംഗങ്ങളുടെ വിളംബര റാലി ശ്രദ്ധേയമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം