
ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും വർഷങ്ങളായി രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന പ്രകാശേട്ടന്റെ ചെറിയ ചായക്കട ഇന്ന് നാട്ടുകാരുടെ ഹൃദയത്തിലെ പ്രത്യേക ഇടമായി മാറിയിരിക്കുകയാണ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നാല് ചക്ര വാഹനത്തിൽ പ്രവർത്തിക്കുന്ന ഈ ചായക്കടയ്ക്ക് ഇപ്പോൾ 33 വർഷത്തിന്റെ പഴക്കമുണ്ട്. ചൂടൻ ചായയ്ക്കൊപ്പം ലഭിക്കുന്ന പരിപ്പ് വടയും ഉള്ളിവടയും തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
വിപണിയിൽ ലഭിക്കുന്ന മികച്ച പരിപ്പുപയോഗിച്ചാണ് പലഹാരങ്ങൾ തയ്യാറാക്കുന്നതെന്ന് പ്രകാശേട്ടൻ പറയുന്നു. പഴയ രുചി ഇന്നും അതേപടി നിലനിർത്തിയതിനാൽ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്താറുണ്ട്. നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഈ ചെറിയ കടയുടെ മുന്നിലെത്തുന്നത് രുചിക്കായിട്ടുമാത്രമല്ല, പ്രകാശേട്ടന്റെ സ്നേഹപൂർവമായ പെരുമാറ്റത്തിനായുമാണ്.
ആദ്യകാലത്ത് നാടൻ പണിക്കാരനായി ജോലി ചെയ്തിരുന്ന പ്രകാശേട്ടന് പിന്നീട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതോടെയാണ് ചെറിയ രീതിയിൽ ചായക്കട ആരംഭിച്ചത്. പിന്നീട് ആ ചെറിയ തുടക്കം നാട്ടുകാരുടെ സൗഹൃദ കേന്ദ്രമായും മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു വിലാസമായും മാറി. രാവിലെ ഏഴിന് ആരംഭിക്കുന്ന കച്ചവടം വൈകീട്ട് വരെ തുടരുന്ന ഈ ചായക്കട ഇന്ന് ചാലിശ്ശേരിയിലെ ഒരു സ്നേഹചിഹ്നം കൂടിയാണ്.
“ആളുകൾ സ്നേഹത്തോടെ വരുന്നതാണ് ഏറ്റവും വലിയ സന്തോഷം. കഴിയുന്നത്ര നല്ല ചായയും പലഹാരവും നൽകാനാണ് ശ്രമിക്കുന്നത്,” എന്നാണ് പ്രകാശേട്ടൻ പറയുന്നത്. ഗ്യാസിന്റെ വിലവർധനയും പുതുതലമുറയുടെ ഭക്ഷണരുചിയിലെ മാറ്റങ്ങളും കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും പഴയകാലത്തിന്റെ ആത്മാർത്ഥതയും ചൂടും ഇന്നും അതേപടി ഒരു ചായ ഗ്ലാസിലൂടെ നൽകുകയാണ് ഈ പ്രിയപ്പെട്ട ചായക്കട. സുനിതയാണ് ഭാര്യ. അഖിൽ, അഭിജിത്ത് എന്നിവർ മക്കളാണ്.