
ആറങ്ങോട്ടുകര : മൂന്ന് പതിറ്റാണ്ടിലേറെ കാലം ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരജ്ഞാനത്തിന്റെ ആദ്യപാഠം പകർന്ന അധ്യാപികയ്ക്കുള്ള യാത്രയയപ്പ് ഒരു നാടിന്റെ ആഘോഷമായി മാറി. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കലവറ 31-ാം നമ്പർ അംഗനവാടിയിലെ ശ്രീദേവി ടീച്ചർക്കായാണ് നാട്ടുകാർ ഹൃദയസ്പർശിയായ യാത്രയയപ്പ് ഒരുക്കിയത്. 31 വർഷത്തിലേറെയായി സേവനം അനുഷ്ഠിച്ച ശ്രീദേവി ടീച്ചർ നൂറുകണക്കിന് കുട്ടികളെ വിജ്ഞാനലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ അധ്യാപികയാണ്. താൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെയും അവരുടെ മക്കളുടെയും പേരക്കുട്ടികളുടെയും ജീവിതത്തിൽ അറിവിന്റെ വെളിച്ചമെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ടീച്ചറുടെ സേവനജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടമായി നാട്ടുകാർ ചൂണ്ടിക്കാട്ടിയത്. 31 വർഷങ്ങൾക്ക് മുമ്പ് കലവറപടി നീലി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗനവാടി സ്ഥാപിച്ചത്.
തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും ഇന്ന് നിരവധി കുരുന്നുകൾ അറിവ് നേടാൻ എത്തുന്ന കേന്ദ്രമായി ഇത് മാറിയിരിക്കുകയാണ്. അംഗനവാടി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കലവറ രാജൻ നഗറിൽ നടന്ന യാത്രയയപ്പ് സംഗമം തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. വിപിലേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റെനിൻ എട്ടടിയിൽ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. രവി പ്രകാശ് ശ്രീദേവി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. വിപിലേഷ് ഉപഹാരം നൽകി അനുമോദിച്ചു. സ്നേഹസമ്മാനങ്ങളുമായി നൂറുകണക്കിന് ആളുകളാണ് ടീച്ചറെ യാത്രയയക്കാൻ എത്തിയത്. ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ പലരും വികാരാധീനരായി.
കുരുന്നുകളും മുൻ വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആറു ഗ്രാം സ്വർണവള, അംഗനവാടിക്ക് സ്ഥലം നൽകിയ വയോധികയായ കലവറപടി നീലിയുടെ കൈകളാൽ ടീച്ചർക്ക് അണിയിക്കുകയും ₹20,000 രൂപ കൈമാറുകയും ചെയ്തു. 31 വർഷത്തെ സേവനകാലത്ത് നാട്ടുകാർ നൽകിയ സ്നേഹത്തിനും ആദരവിനും നന്ദി അറിയിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വികാരാധീനയായ ടീച്ചറുടെ വാക്കുകൾ പലപ്പോഴും മുറിഞ്ഞുപോയത് സംഗമത്തെ കൂടുതൽ ഹൃദയസ്പർശിയാക്കി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. വി. ഷിജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. എ. കാസിം, എം. പി. ദാരുവൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ എം. എം. പ്രദീപ്, എട്ടടിയിൽ ജനാർദ്ദനൻ, ജീന എന്നിവർ സംസാരിച്ചു.