
കുമ്പിടി: ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുന്ദരൻ മുണ്ട്രക്കോട് രചിച്ച ‘പേമൊകം’ നോവൽ കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തക വി. ജ്യോതി പുസ്തകം ഏറ്റുവാങ്ങി. ഗ്രാമീണ ജീവിതത്തിന്റെ നന്മയും സൗന്ദര്യവും ആവിഷ്‌കരിക്കുന്ന കൃതിയാണ് ‘പേമൊകം’ എന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
പ്രശസ്ത വയലിനിസ്റ്റ് ഗംഗ ശശിധരൻ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അംബിക ടീച്ചർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഡോ. സ്മിത ദാസ് പുസ്തകം പരിചയപ്പെടുത്തി.
കുമ്പിടി പുറമതിൽശ്ശേരി സിഎൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ കെ. ഹംസ, ഡോ. കെ.വി. ഷെഹിൻ, ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനത്ത് പുളിക്കൽ, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജീഷ്, ആനക്കര കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സേതു മാഷ്, സാവിത്രി ടീച്ചർ, സുധീപ് തെക്കേപ്പാട്ട്, കെ.എസ്.ഇ.ബി എ.ഇ സോന കെ.എ തുടങ്ങിയവർ സംസാരിച്ചു.