
കൂറ്റനാട്: തൃത്താല മണ്ഡലത്തിൽ നേരത്തെ നെല്ല് സംഭരിച്ച മുഴുവൻ കർഷകർക്കും വരുന്ന തിങ്കളാഴ്ചയോടെ പി.ആർ.എസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി വി.ടി. ബൽറാം എംഎൽഎ അറിയിച്ചു. സപ്ലൈകോ അധികൃതർ ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയായി ചുമതലയേറ്റതിന് പിന്നാലെ വകുപ്പുതല ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ ഔദ്യോഗിക യോഗത്തിലാണ് കർഷകർക്ക് ആശ്വാസമേകുന്ന നിർണായക തീരുമാനം കൈകൊണ്ടത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അധിക തൂക്കത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾക്കും യോഗത്തിൽ പരിഹാരമായതായി എംഎൽഎ അറിയിച്ചു. ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ ഗ്യാരന്റിയോടെ കേരള ബാങ്കിന് കൂടുതൽ തുക അനുവദിച്ച്, അതുവഴി പ്രാഥമിക സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കി കർഷകരിലേക്ക് എത്രയും വേഗം പണം എത്തിക്കാനാണ് നിലവിൽ ശ്രമം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എ, സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസർ, വിവിധ കൃഷിഭവനുകളിലെ കൃഷി ഓഫീസർമാർ, ബാങ്ക് പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് എംഎൽഎ അടിയന്തര യോഗം വിളിച്ചുചേർത്തത്.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാരിയത്ത് കിബ്ത്തിയ, കൃഷി ഓഫീസർമാരായ മുഫീദ നീതു (തൃത്താല), സൂര്യ (ചാലിശ്ശേരി), ബിഷാര (തിരുമിറ്റക്കോട്), ആയിഷ (കപ്പൂർ), ശ്രീലക്ഷ്മി (പട്ടിത്തറ), സൂര്യ (നാഗലശ്ശേരി), ആനക്കര കൃഷി അസിസ്റ്റന്റ് സുജ്ന, സഹകരണ ബാങ്ക് സെക്രട്ടറിമാരായ കെ. പ്രമീള (തൃത്താല), കെ.കെ. മണികണ്ഠൻ (തിരുമിറ്റക്കോട്), എം. സന്തോഷ് (പട്ടിത്തറ), എൻ. കൃഷ്ണകുമാർ (നാഗലശ്ശേരി), ചാലിശ്ശേരി സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി വി. വിനീത എന്നിവർ യോഗത്തിൽ പങ്കെടുത്തു.