ചാലിശ്ശേരിയിൽ ചായയുടെ രുചിയിലൂടെ ഹൃദയങ്ങൾ കീഴടക്കിയ പ്രകാശേട്ടന് സ്നേഹാദരം


ചാലിശ്ശേരി: അന്താരാഷ്ട്ര ചായ ദിനത്തോടനുബന്ധിച്ച് ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കവുക്കോട് കളിയത്ത് വീട്ടിൽ പ്രകാശനെ ആദരിച്ചു. മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശേരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം 1993 മാർച്ച് ഒന്നിന് ആരംഭിച്ച ചെറിയ ചായക്കട ഇന്ന് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും പ്രിയ ഇടമായി മാറിയിരിക്കുകയാണ്. നാല് ചക്ര വാഹനത്തിൽ ആരംഭിച്ച ചായക്കട വർഷങ്ങളായി സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കേന്ദ്രമായി തുടരുകയാണ്.

ചാലിശ്ശേരി പഞ്ചായത്തംഗം എ. വിജയൻ വ്യാഴാഴ്ച വൈകിട്ട് പ്രകാശേട്ടന്റെ വസതിയിലെത്തി പൊന്നാട അണിയിച്ചാണ് ആദരവ് നൽകിയത്. ചടങ്ങിൽ പ്രദീപ് ചെറുവാശേരി, മൂസകുട്ടി കൊലഴി, ജയൻ ചാത്തമംഗലത്ത് എന്നിവർ സംസാരിച്ചു. പ്രദേശവാസികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

പ്രതിദിനം നൂറുകണക്കിന് ആളുകളാണ് പ്രകാശേട്ടന്റെ ചൂടൻ ചായയും പരിപ്പ് വടയും ഉള്ളിവടയും രുചിക്കാനായി എത്തുന്നത്. പഴയകാലത്തിന്റെ ആത്മാർത്ഥതയും മധുരവും ഇന്നും അതേപടി നിലനിർത്തുന്ന ചാലിശ്ശേരിയുടെ പ്രിയ ചായക്കടയായി പ്രകാശേട്ടന്റെ കട മാറിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം