
കൂറ്റനാട് : കപ്പൂർ പഞ്ചായത്തിലെ എറവക്കാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രണാതീതമാകുന്നതായി പരാതി. ദിവസങ്ങൾക്കിടെ വൻതോതിൽ പെരുകിയ ഒച്ചുകൾ വീടുകളുടെയും പരിസരങ്ങളുടെയും നിയന്ത്രണം കൈവിടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. വൈകുന്നേരം തുടങ്ങുമ്പോഴേക്കും മുറ്റങ്ങളിലും മതിലുകളിലും ചുമരുകളിലും കൂട്ടമായി പടരുന്ന ഒച്ചുകൾ വീടുകൾക്കുള്ളിലേക്കും കയറിച്ചെല്ലുന്നതോടെ പ്രദേശവാസികൾ കടുത്ത ബുദ്ധിമുട്ടിലായി.
മഴയും ഈർപ്പവും കൂടിയ സാഹചര്യത്തിൽ ഒച്ചുകളുടെ വ്യാപനം കൂടുതൽ ശക്തമായതായി നാട്ടുകാർ പറയുന്നു. ചകിരി, ഉണങ്ങിയ ഇലകൾ തുടങ്ങിയവ ഉപയോഗിച്ച് പുതയിട്ട തെങ്ങിൻ തടങ്ങളുടെയും ഈർപ്പം നിലനിൽക്കുന്ന നിഴൽ പ്രദേശങ്ങളുടെയും സമീപത്താണ് ഒച്ചുകളുടെ സാന്നിധ്യം കൂടുതലായും കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം എത്തിച്ച ജൈവവളങ്ങളിലൂടെയോ മറ്റ് കാർഷിക സാമഗ്രികളിലൂടെയോ ഇവ പ്രദേശത്തെത്തിയിരിക്കാമെന്ന സംശയവും നാട്ടുകാർ പങ്കുവെക്കുന്നു.
രാത്രിയാകുമ്പോൾ വീടുകളുടെ ചുമരുകൾ മുഴുവൻ ഒച്ചുകൾ കൊണ്ട് മൂടപ്പെടുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. മുറ്റത്തും വീടിനകത്തും ദുർഗന്ധം നിറയുന്നതും കുട്ടികൾക്കും വയോധികർക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണ് മറ്റൊരു വെല്ലുവിളി. നിലവിൽ ഉപ്പും ചാരവും ഉപയോഗിച്ചാണ് നാട്ടുകാർ ഒച്ചുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പും കൃഷിവകുപ്പും പഞ്ചായത്തും സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ പ്രതിരോധ നടപടികൾ ആരംഭിക്കുമെന്നും പഞ്ചായത്തധികൃതർ അറിയിച്ചു.