കൂടെ താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും 3,55,000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട റാന്നി ബ്ലോക്ക്പടി വടക്കേടത്ത് വീട്ടിൽ അതുൽ സത്യൻ (31)നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2023 ജൂൺ 24നാണ് കേസിന് ആസ്പദമായ സംഭവം. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി ഇരട്ടപ്പനയ്ക്കൽ രഞ്ജിതമോൾ (27) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. രഞ്ജിതയുടെ അച്ഛൻ വി.എ.രാജു (60), അമ്മ ജീന (51), അനുജത്തി അപ്പു (18) എന്നിവരെ പ്രതി മാരകമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് അതുൽ സത്യൻ. നിയമപരമായി ഇരുവരും വിവാഹിതരല്ല. ആറ് വർഷമായി ഒപ്പം താമസിച്ചുവന്ന രഞ്ജിത, അതുലിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് തന്റെ രണ്ട് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയത്. അതിനിടെ ഷാർജയിൽ ജോലിക്ക് പോയ രഞ്ജിത രണ്ടു മാസം മുമ്പാണ് തിരിച്ചെത്തിയത്.

രണ്ടു ദിവസം അതുലിനോടൊപ്പം കഴിഞ്ഞ രഞ്ജിത അതുലിൻ്റെ കഞ്ചാവ് ഉപയോഗവും ദേഹോപദ്രവവും സഹിക്ക വയ്യാതെ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. കൂടെ ചെല്ലണമെന്ന് അതുൽ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രഞ്ജിത പോയില്ല. വധിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സംഭവ ദിവസം രാവിലെ രഞ്ജിത റാന്നി പോലീസിൽ പരാതി നൽകി. ഉച്ചയ്ക്കുശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അതുൽ കടന്നുകളഞ്ഞു. അന്ന് രാത്രി രഞ്ജിതയുടെ വീട്ടിലെത്തിയ പ്രതി കിടപ്പു മുറിയിൽ വെച്ച് വടിവാളുകൊണ്ട് രഞ്ജിതയെ പലതവണ വെട്ടി. തടയാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും അനുജത്തിക്കും വെട്ടേറ്റു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രഞ്ജിത മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ അതുലിനെ ഉതിമൂട് കാടുകയറിക്കിടക്കുന്ന പുരയിടത്തിലെ ഷെഡിൽ നിന്നാണ് പിറ്റേന്ന് പോലീസ് പിടികൂടിയത്.

അന്നത്തെ റാന്നി ഇൻസ്‌പെക്ടർ ആയിരുന്ന പി.എസ് വിനോദ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. അതുൽ കാപ്പ ചുമത്തപ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു. കാലതാമസം കൂടാതെ കുറ്റപത്രം സമർപ്പിക്കാൻ ആയതിനാൽ വിചാരണ കാലയളവിൽ ഉടനീളം പ്രതി ജാമ്യമില്ലാതെ ജയിലിൽ തന്നെയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി. എ.എസ്.ഐ. ആൻസി കോടതി നടപടികളിൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു. ഇരുവരെയും കോടതി പ്രത്യേകം അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം