'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

കോട്ടയം: മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സമരം. കോട്ടയം കുറുപ്പതറയിലാണ് സംഭവം. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ് ജീവന്‍പോലും അപകടത്തിലാക്കി പ്രതിഷേധം സംഘടിപ്പിച്ചത്. 'ജനങ്ങള്‍ 102 സീറ്റിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടും കെപിസിസിയും എഐസിസി നറുക്കിടണം, കുന്തം ഇടണം എന്നു പറഞ്ഞതിലെ ഒറ്റയാള്‍ പോരാട്ടമാണ് ഇവിടെ നടന്നത്. ഞായറാഴ്ച എഐസിസി പ്രസ്ഥാനത്തില്‍ നിന്നും വി ഡി സതീശന്റെ പേരല്ല വരുന്നതെങ്കില്‍ ഇവിടെ നൂറുകണക്കിന് ജനം തെരുവില്‍ കത്തി ചാമ്പലാവും. അത് ഓര്‍ത്താല്‍ മതി' എന്ന് ഫ്രാന്‍സിസ് പറഞ്ഞു. രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും പോലെ ഈ കുലംകുത്തിയായ കെ സി വേണുഗോപാല്‍ ഇവിടെ മുഖ്യമന്ത്രിയായാല്‍, അവന്‍ ജയിക്കുവോ ഇല്ല നിക്കുവോ ഇല്ല. 

ഇവിടെ ഭരണം ബിജെപിയുടെ കയ്യിലേക്ക് പോകും. ബിജെപി കേരളത്തിലേക്ക് വന്ന് ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യം വരും. അതുകൊണ്ടാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും ഫ്രാന്‍സിസ് പറഞ്ഞു. ഫ്രാന്‍സിസിനെ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തുണച്ച് ഫ്ളക്സുകൾ ഉയരുന്നതിന് ഇടയിലാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധം കോട്ടയത്ത് നടന്നത്. അതേസമയം വി ഡി സതീശനായി ഇന്ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തും ബാലുശ്ശേരിയിലും പേരാമ്പ്രയിലും വടകരയിലും കോഴിക്കോട് ടൗണിലും പ്രകടനം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം ഈരാട്ടുപേട്ടയിലും പാമ്പാടിയിലും പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മതേതര കേരളം വി ഡിക്കൊപ്പം, കെട്ടിയിറക്കിയാല്‍ കെട്ട്‌കെട്ടിക്കും എന്നാണ് ആഹ്വാനം.

എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ട് വി ഡി അനുകൂല പ്രകടനം നടന്നതിന് മുന്നോടിയായി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇതിനായി അഹ്വാനം ചെയ്ത തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിക്കെതിര നടപടി വേണമെന്ന ആവശ്യവുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമന്‍ രംഗത്തെത്തി. ഇടുക്കി നേതാക്കളുടെ ഗ്രൂപ്പിലായിരുന്നു ആഹ്വാനം. ഇതിനിടയില്‍ കൊല്ലം കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നില്‍ കെ സി വേണുഗോപാലിനായി ഫ്‌ളെക്‌സ് ഉയര്‍ന്നു. ഹരിത എംഎല്‍എമാരുടെ പേര് പറഞ്ഞു ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ മാറിനില്‍ക്കട്ടെ, ചേര്‍ത്തു നിര്‍ത്തിയവര്‍ നയിക്കട്ടെ എന്നാണ് ഫ്‌ളെക്‌സില്‍ എഴുതിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം