സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കുന്നതിനായുള്ള ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി പുതിയ നടപടികൾ ആരംഭിച്ചു. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസി നിർദേശം നൽകി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദേശപ്രകാരം നാളെ മുതൽ ബസുകളിൽ ലിംഗാടിസ്ഥാനത്തിലുള്ള ടിക്കറ്റ് രേഖപ്പെടുത്തൽ സംവിധാനം നിലവിൽ വരും.
പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഏകദേശം 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി കണ്ടക്ടർമാർക്ക് വിവരസാങ്കേതിക വിഭാഗത്തിന്റെ അടിയന്തര പരിശീലനവും നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ പദ്ധതിയുടെ മേൽനോട്ടം വഹിക്കും. വനിതകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത വിലയിരുത്താനാണ് വിവരശേഖരണത്തിന്റെ പ്രധാന ലക്ഷ്യം.
