നീറ്റ് പുന:പരീക്ഷ ജൂൺ 21ന്

ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് റദ്ദാക്കിയ നീറ്റ് യു.ജി 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച നടക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.  രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് നേരത്തെ പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനായി കാത്തിരുന്നത്. അതിനിടയിൽ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടാണ് പരീക്ഷ എൻ.ടി.എ റദ്ദാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തോടെയാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നതെന്ന് എൻ.ടി.എ അറിയിച്ചു. 

പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും എൻ.ടി.എയുടെ ഔദ്യോഗിക ആശയ വിനിമയ മാർഗങ്ങൾ മാത്രം ആശ്രയിക്കണമെന്നും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 3ന് നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. 720 മാർക്കിൻ്റെ പരീക്ഷയിൽ ഏകദേശം 600 മാർക്കിനുള്ള ചോദ്യങ്ങൾ പരീക്ഷക്ക് രണ്ടു ദിവസം മുമ്പേ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിൽ ഉണ്ടെന്നാണ് ആരോപണം. ഈ ചോദ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 കേസുമായി ബന്ധപ്പെട്ട രാജസ്ഥാനിൽ നിന്ന് ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് അന്വേഷണ റിപ്പോർട്ടുകളും സി.ബി.ഐ അന്വേഷണവും പരിഗണിച്ചാണ് പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ പുനഃപരീക്ഷ നടത്താൻ ഏജൻസി തീരുമാനിച്ചത്. പുനഃപരീക്ഷക്കായി വിദ്യാർഥികൾ പ്രത്യേകമായി ഫീസ് അടക്കേണ്ടതില്ലെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. പഴയ അപേക്ഷാ വിവരങ്ങൾ തന്നെ ഇതിനായി പരിഗണിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാകുമോ എന്നത് സംബന്ധിച്ച വിവരം ഹാൾ ടിക്കറ്റ് പുറത്തിറങ്ങുന്നതോടെ വ്യക്തമാകും. സംശയങ്ങൾക്കും സഹായങ്ങൾക്കുമായി neet-ug@nta.ac.in എന്ന ഇ-മെയിൽ വഴിയോ 011-40759000, 011-69227700 എന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ വഴിയോ വിദ്യാർഥികൾക്ക് ബന്ധപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം