തൃത്താല: തൃത്താല ചാലിശ്ശേരിയിലെ സരസ് മേളയിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് എൻഡിഎ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ. മൂന്ന് ദിവസത്തെ പരിപാടിയുടെ ആകെ ചെലവ് 4 കോടി 18 ലക്ഷത്തോളം രൂപയാണ്. 14 ലക്ഷം രൂപ ഫ്ലക്സിനും, അവാർഡുകൾക്കും മൊമൻ്റൊകൾക്കുമായി 3 ലക്ഷവും, താമസസൗര്യങ്ങൾക്ക് 2 ലക്ഷം, യാത്രകൾക്ക് 1 ലക്ഷവും ചിലവായതായാണ് കണക് നൽകിയിട്ടുള്ളത്. സാംസ്കാരിക പരിപാടികൾക്ക് മാത്രമായി 55 ലക്ഷം രൂപയാണ് ചിലവാക്കിയിരിക്കുന്നത്.
4 കോടിയിൽ അധികം ചിലവാക്കി നടത്തിയ പരിപാടിയിൽ നിന്ന് എന്ത് ഗുണമാണ് നാടിന് ലഭിച്ചത്. കുടുംബശ്രീ പ്രവർത്തകർക്ക് ആകെ ലഭിച്ചത് 700 രൂപ വീതമാണ്. കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി പരിപാടി നടത്തിയിട്ട് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് ലജ്ജകരമാണെന്ന് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ കുറ്റപ്പെടുത്തി.
ജനങ്ങളുടെ നികുതി പണം എടുത്ത് നടത്തിയ ഈ തീവെട്ടി കൊള്ളക്ക് മറുപടി പറയേണ്ടി വരുമെന്ന് ഉണ്ണികൃഷ്ണൻ മാസ്റ്റർ വ്യക്തമാക്കി.പരിപാടിയുടെ മറവിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും കുറ്റനാട് പ്രസ്സ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ എൻ.ഡി എ സ്ഥാനാർത്ഥി ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
