മോസ്കോ | ഇറാൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള നിർദ്ദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പങ്കുവെച്ചു. തിങ്കളാഴ്ച ഇരു നേതാക്കളും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇറാൻ സംഘർഷത്തിന് വേഗത്തിലുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ അറുതി വരുത്തുന്നതിനായുള്ള ചില ആശയങ്ങളാണ് പുടിൻ പങ്കുവെച്ചത്. ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ, ഇറാൻ പ്രസിഡന്റ്, മറ്റ് രാഷ്ട്രത്തലവന്മാർ എന്നിവരുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങളും അദ്ദേഹം ട്രംപിനെ ധരിപ്പിച്ചു. യു എസ്-ഇസ്റാഈൽ സൈനിക നടപടികളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ ട്രംപും പുടിനുമായി പങ്കുവെച്ചു. ചർച്ചകൾ വളരെ ക്രിയാത്മകവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി പ്രവർത്തനങ്ങളിൽ നിർണ്ണായകവുമാണെന്ന് ഉഷാക്കോവ് വിശേഷിപ്പിച്ചു.
ഇറാൻ വിഷയത്തിന് പുറമെ യുക്രൈൻ സംഘർഷത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. യുക്രൈനിൽ വെടിനിർത്തലും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരവും അമേരിക്കയുടെ താൽപ്പര്യമാണെന്ന് ട്രംപ് പറഞ്ഞു. നിലവിൽ യുക്രൈൻ യുദ്ധഭൂമിയിൽ റഷ്യൻ സൈന്യം വലിയ മുന്നേറ്റം നടത്തുകയാണെന്നും, ഈ സാഹചര്യം കണക്കിലെടുത്ത് കീവ് ഭരണകൂടം സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്നും റഷ്യ വ്യക്തമാക്കി. ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട വെനിസ്വേലയിലെ സാഹചര്യങ്ങളും സംഭാഷണത്തിൽ വിഷയമായി.
